ജിദ്ദ – സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ഹെല്‍ത്ത് ക്ലസ്റ്ററുകള്‍. അലവന്‍സുകളുടെയും സാമ്പത്തിക ആനുകൂല്യങ്ങളുടെയും പുനഃസംഘടന സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റോയല്‍ കോര്‍ട്ട് സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയാണ് തീരുമാനം. മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നീഷ്യന്‍, ഹോം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഡ്രൈവര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മെസഞ്ചര്‍, കരാര്‍ തൊഴിലാളി എന്നീ എഴു വിഭാഗക്കാര്‍ക്ക് ഓവര്‍ടൈം ആനുകൂല്യം വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ആശുപത്രികളുടെയും സ്‌പെഷ്യലിസ്റ്റ് സെന്ററുകളുടെയും ഡയറക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലര്‍ പറഞ്ഞു.
ഓവര്‍ടൈം വേതനം വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാനുള്ള തീരുമാനം അടുത്ത മാസം ആറു മുതല്‍ (06/06/1447) പ്രാബല്യത്തില്‍ വരും. നിയമപരമായ നീതി ഉറപ്പാക്കുകയും അംഗീകൃത ചട്ടങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസൃതമായി സാമ്പത്തിക ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയില്‍ തീരുമാനം നടപ്പാക്കാനുള്ള പ്രതിബദ്ധത ഹെല്‍ത്ത് ക്ലസ്റ്ററുകള്‍ സ്ഥിരീകരിച്ചു.



