ജിദ്ദ – യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ സഹോദരനും അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദ് അല്‍നഹ്‌യാനെ സ്വീകരിക്കാന്‍ സൗദി അറേബ്യ വിസമ്മതിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സൗദി മീഡിയ മന്ത്രി സല്‍മാന്‍ ബിന്‍ യൂസഫ് അല്‍ദോസരി വ്യക്തമാക്കി. ഇത്തരം റിപ്പോർട്ടുകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. ശൈഖ് ത്വഹ്‌നൂന് മുൻകൂർ അനുമതിയുടെ ആവശ്യമില്ലാതെ തന്നെ ഏതു സമയത്തും സൗദി അറേബ്യയിലേക്ക് കടന്നുവരാമെന്നും, ഈ രാജ്യം അദ്ദേഹത്തിന്റെ സ്വന്തം വീടാണെന്നും സൗദി ഭരണാധികാരികൾ അദ്ദേഹത്തിന്റെ കുടുംബമാണെന്നും മീഡിയ മന്ത്രി കൂട്ടിച്ചേർത്തു.
ഏതാനും അറബ് രാജ്യങ്ങളിലെ യു.എ.ഇ നയങ്ങള്‍ പുനഃപരിശോധിക്കുന്നതുവരെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദ് അല്‍നഹ്‌യാനെ സ്വീകരിക്കാന്‍ സൗദി അറേബ്യ വിസമ്മതിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് മീഡിയ മന്ത്രി പ്രസ്താവന നല്‍കിയത്.
സൗദി അറേബ്യയുടെ അതിര്‍ത്തിക്കു സമീപവവും യെമനിലെ ഹദ്‌റമൗത്ത്, അല്‍മഹ്‌റ ഗവര്‍ണറേറ്റുകളിലും സര്‍ക്കാര്‍ വിരുദ്ധ കലാപത്തിന് ദക്ഷിണ യെമന്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ നേതാക്കള്‍ക്ക് യു.എ.ഇ പിന്തുണയും പ്രോത്സാഹനവും നല്‍കിയതും സിറിയയും സുഡാനും അടക്കമുള്ള രാജ്യങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ ഗ്രൂപ്പുകളെയും ശക്തികളെയും പിന്തുണക്കുന്നതുമാണ് സൗദി അറേബ്യയും യു.എ.ഇയും തമ്മില്‍ തുടക്കം മുതലുള്ള ശക്തമായ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയത്. യെമന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യെമനിലെ യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം പിന്‍വലിക്കണമെന്ന് യെമന്‍ പ്രസിഡന്റ് അന്ത്യശാസനം നല്‍കിയിരുന്നു. ഇതുപ്രകാരം യു.എ.ഇ സൈനികരെ യെമനില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. യു.എ.ഇയിലെ ഫുജൈറ തുറമുഖത്തു നിന്ന് യെമനിലെ അല്‍മുകല്ല തുറമുഖത്തിച്ച ആയുധങ്ങള്‍ക്കും സൈനിക വാഹനങ്ങള്‍ക്കും നേരെ സഖ്യസേന വ്യോമാക്രമണവും നടത്തിയിരുന്നു.



