റിയാദ് : സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സുസ്ഥിര സമാധാനം കൈവരിക്കാന്‍ സംവാദം, പരസ്പര ധാരണ, അനുരഞ്ജനം എന്നിവ വര്‍ധിപ്പിക്കാനും രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ സൗദി അറേബ്യ ശക്തമായ നയതന്ത്ര ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. മേഖലയിലെയും ലോകത്തിലെയും നിലവിലെ സംഭവവികാസങ്ങള്‍ ഏകീകൃത മാനവികതയുടെ അടിയന്തര ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതായി, റിയാദില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സംഘടിപ്പിക്കുന്ന നാലാമത് ദ്വിദിന റിയാദ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ഫോറം ഉദ്ഘാടനം ചെയ്ത് വിദേശ മന്ത്രി പറഞ്ഞു.
റിലീഫ് പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സംവാദം പ്രോത്സാഹിപ്പിക്കുന്നതിലും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലും സൗദി അറേബ്യക്കുള്ള അതീവ താല്‍പര്യമാണ് ഫോറം സംഘാടനം വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള ദുരിതബാധിതര്‍ക്കും, സഹായം ആവശ്യമുള്ള രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സഹായഹസ്തം നീട്ടുന്നതിലും വിവേചനമില്ലാതെ സഹായം നല്‍കുന്നതിലും എക്കാലവും സൗദി അറേബ്യ പ്രത്യേക ശ്രദ്ധ കാണിക്കുന്നു. രാജ്യാന്തര തലത്തില്‍ മാനുഷിക, വികസന സഹായങ്ങള്‍ നല്‍കാന്‍ സൗദി അറേബ്യ വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകത്ത് മാനുഷിക, വികസന സഹായങ്ങള്‍ നല്‍കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട്.
സൗദി അറേബ്യ 133 ബില്യണിലേറെ ഡോളറിന്റെ മാനുഷിക, റിലീഫ് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 172 ലേറെ രാജ്യങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഫലസ്തീനികളെ സഹായിക്കാനുള്ള ജനകീയ സംഭാവന ശേഖരണ യജ്ഞം പോലെ ദുരിതബാധിത രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാനായി സൗദി അറേബ്യ നിരവധി വ്യത്യസ്ത കാമ്പെയ്‌നുകള്‍ നടത്തിയിട്ടുണ്ട്. ഫലസ്തീനികളെ സഹായിക്കാനുള്ള ജനകീയ സംഭാവന ശേഖരണ കാമ്പയിനിലൂടെ ഇതിനകം 70 കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചു. യെമനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മറ്റും മൈനുകള്‍ നീക്കം ചെയ്യാനുള്ള മസാം പദ്ധതിയും നടപ്പാക്കുന്നുണ്ട്. 2018 മുതല്‍ ഇതുവരെ 4,30,000 ലേറെ മൈനുകള്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കാന്‍ പദ്ധതി സഹായിച്ചു.
സുഡാന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ സൗദി അറേബ്യ മുന്‍കൈയെടുത്ത് വിരുദ്ധ ചേരികളിലുള്ള കക്ഷികളെ പങ്കെടുപ്പിച്ച് സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ഇതിന്റെ ഫലമായി ജിദ്ദ-1, ജിദ്ദ-2 കരാറുകള്‍ ഒപ്പുവെക്കുകയും ചെയ്തു. സുഡാനില്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കാനും സംഘര്‍ഷം മൂലം സുഡാനില്‍ കുടുങ്ങിക്കിടന്ന മറ്റു രാജ്യക്കാരെ കപ്പല്‍ മാര്‍ഗം ഒഴിപ്പിക്കാനും ഈ കരാറുകള്‍ സഹായിച്ചു. 110 രാജ്യങ്ങളില്‍ നിന്നുള്ള 8,400 ലേറെ ആളുകളെയാണ് സുഡാനില്‍ നിന്ന് കപ്പല്‍ മാര്‍ഗം ഒഴിപ്പിച്ചത്.
രാജ്യാന്തര പങ്കാളികളുമായി സഹകരിച്ച് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ വഴി അടിയന്തര പ്രതികരണം, ഭക്ഷ്യസുരക്ഷ, പാര്‍പ്പിടം, പരിസ്ഥിതി ശുചിത്വം, വെള്ളം എന്നീ മേഖലകളില്‍ അടിയന്തര ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ സൗദി അറേബ്യ അതീവ താല്‍പര്യം കാണിക്കുന്നു. അന്താരാഷ്ട്ര സംഘടനകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തിയും സഹായം നല്‍കുന്നതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചും വൈദഗ്ധ്യങ്ങളും അനുഭവങ്ങളും കൈമാറിയും റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര സ്ഥാനം കൈവരിക്കാന്‍ ശ്രമിച്ചും മാനുഷികവും നയതന്ത്രപരവുമായ ശ്രമങ്ങള്‍ സൗദി അറേബ്യ തുടരുന്നു.
ദുരിതബാധിത രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും അവസ്ഥ വഷളാകുന്നത് തടയാനും പ്രാദേശിക, അന്തര്‍ദേശീയ സഹകരണത്തിലൂടെ പ്രായോഗികവും ഫലപ്രദവുമായ പരിഹാരങ്ങള്‍ കണ്ടെത്താനും സൗദി അറേബ്യ പ്രയത്നിക്കുന്നു. മാനുഷിക പ്രതിസന്ധികള്‍ക്ക് സമൂലമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതും സൃഷ്ടിപരമായ പരിഹാരങ്ങള്‍ വികസിപ്പിച്ച് റിലീഫ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കേണ്ടതും ഏറെ പ്രധാനമാണ്. ഇക്കാര്യത്തില്‍ സഹകരണം വര്‍ധിപ്പിക്കുകയും വിവരങ്ങളും അനുഭവ സമ്പത്തും പങ്കുവെക്കുകയും വേണം.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഇപ്പോഴത്തെ സമയത്ത് ഇത്തരമൊരു ഫോറം സംഘടിപ്പിക്കുന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. റിലീഫ് പ്രവര്‍ത്തനങ്ങളിലൂടെ ദുരിതബാധിതരുടെ എല്ലാ അടിയന്തിര ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഭാവി കെട്ടിപ്പടുക്കാന്‍ എല്ലാവരും കഠിനമായി പരിശ്രമിക്കണം. ഭാവിയില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ മാനുഷിക തത്വങ്ങള്‍ കാത്തുസൂക്ഷിക്കാനും കൂടുതല്‍ നീതിയുക്തവും മാനുഷികവുമായ ഒരു ലോകം രൂപപ്പെടുത്താനും റിലീഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പങ്കാളികള്‍ക്കിടയില്‍ തുടര്‍ച്ചയായ ആശയവിനിമയം നിലനിര്‍ത്തണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു.