ജിദ്ദ – സൊമാലിയയുടെ അവിഭാജ്യ ഭാഗമായ സൊമാലിലാൻഡിനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടിയെ സൗദി അറേബ്യ, ഈജിപ്ത്, അറബ് ലീഗ് എന്നിവർ ശക്തമായി നിരാകരിച്ചു. സൊമാലിയയുടെ ഐക്യത്തിനും പ്രാദേശിക സമഗ്രതയ്ക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സൗദി വിദേശ മന്ത്രാലയം, സമാന്തര ഭരണകൂടങ്ങളെ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൊമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി ഇസ്രായിൽ അംഗീകരിച്ചതും നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ചതും. 1991-ൽ സൊമാലിയയിൽ നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡ് പതിറ്റാണ്ടുകളായി അന്താരാഷ്ട്ര അംഗീകാരത്തിനായി ശ്രമിക്കുകയായിരുന്നു. നിലവിലെ പ്രസിഡന്റ് അബ്ദിറഹ്‌മാൻ മുഹമ്മദ് അബ്ദുല്ലാഹിയുടെ നേതൃത്വത്തിൽ നടന്ന ഈ നീക്കത്തിന് ആദ്യമായി അംഗീകാരം നൽകുന്ന രാജ്യമാണ് ഇസ്രായിൽ. അബ്രഹാം ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശദീകരിക്കുകയും കൃഷി, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇസ്രായിലിന്റെ ഈ നടപടി മേഖലയിൽ സമാധാനത്തിന് വഴിയൊരുക്കുമെന്ന് സൊമാലിലാൻഡ് പ്രസിഡന്റ് അവകാശപ്പെട്ടെങ്കിലും, ഈ നീക്കം ആഫ്രിക്കയിൽ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് ഈജിപ്ഷ്യൻ വിദേശമന്ത്രി ബദർ അബ്ദുൽആത്തി മുന്നറിയിപ്പ് നൽകി. അദ്ദേഹം സൊമാലിയ, തുർക്കി, ജിബൂത്തി വിദേശമന്ത്രിമാരുമായി ഫോണിൽ സംസാരിക്കുകയും സൊമാലിയയുടെ പരമാധികാരത്തിനായുള്ള ഐക്യദാർഢ്യം ആവർത്തിക്കുകയും ചെയ്തു.
വേർപിരിഞ്ഞ പ്രദേശങ്ങളെ അംഗീകരിക്കുന്നത് അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഈജിപ്ത് ചൂണ്ടിക്കാട്ടി. 1991 മുതൽ സ്വയംഭരണം നടത്തുന്ന സൊമാലിലാൻഡ്, ഇസ്രായിലിന്റെ അംഗീകാരത്തിലൂടെ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുമെന്നും ആഗോള വിപണിയിൽ പ്രവേശനം നേടാമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ, ഗാസയിൽ നിന്നുള്ള ഫലസ്തീനികളെ പുനരധിവസിപ്പിക്കാനുള്ള ഒരു നിർദ്ദേശവും തങ്ങൾക്ക് മുന്നിലില്ലെന്ന് സൊമാലിയയും സൊമാലിലാൻഡും നേരത്തെ വ്യക്തമാക്കിയിരുന്നു. അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുൽഗെയ്ത്ത് ഇസ്രായിലിന്റെ നടപടിയെ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമായി വിശേഷിപ്പിച്ചു. ഫലസ്തീൻ ജനതയ്ക്കെതിരെ ആക്രമണം തുടരുന്ന ഒരു അധിനിവേശ ശക്തി നടത്തുന്ന ഇത്തരം നീക്കങ്ങൾ ഒരു അറബ്-ആഫ്രിക്കൻ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൊമാലിലാൻഡിനെ സൊമാലിയയുടെ അവിഭാജ്യ ഘടകമായാണ് അറബ് ലീഗ് കാണുന്നതെന്നും, ഇത്തരം ഏകപക്ഷീയമായ നടപടികൾ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും അറബ് ലീഗ് വക്താവ് ജമാൽ റുശ്ദി കൂട്ടിച്ചേർത്തു.



