ജിദ്ദ – 12 വര്‍ഷത്തെ ഇടവേളക്കു ശേഷം സൗദി അറേബ്യ സിറിയയില്‍ അംബാസഡറെ നിയമിച്ചു. സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിനെതിരെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെ രക്തത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ സിറിയയുമായുള്ള നയതന്ത്രബന്ധം 12 വര്‍ഷം മുമ്പ് വിച്ഛേദിച്ചത്. സൗദി അറേബ്യയും സിറിയയും തമ്മില്‍ മാസങ്ങള്‍ക്കു മുമ്പ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദമാസ്‌കസില്‍ സൗദി അറേബ്യ അംബാസഡറെ നിയമിച്ചത്.
കാമറൂണിലെ സൗദി അംബാസഡറായിരുന്ന ഫൈസല്‍ ബിന്‍ സൗദ് അല്‍മുജ്ഫലിനെയാണ് സിറിയയിലെ അംബാസഡറായി നിയമിച്ചിരിക്കുന്നത്. ഈ മാസം 16 ന് ബഹ്‌റൈനില്‍ നടന്ന 33-ാമത് അറബ് ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദും കൂടിക്കാഴ്ച നടത്തിയിരുന്നു. റിയാദിലെ സിറിയന്‍ എംബസി കഴിഞ്ഞ വര്‍ഷം വീണ്ടും തുറന്നിരുന്നു. ഡിസംബറില്‍ സൗദിയില്‍ തങ്ങളുടെ പുതിയ അംബാസഡറെ സിറിയ നിയമിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group