റിയാദ് – വിവിധ മേഖലകളില്‍ സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യയും ഇന്ത്യയും ധാരണാപത്രം ഒപ്പുവെച്ചു. സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും റിയാദില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളെ കുറിച്ചും ഈ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള വഴികളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇരുപത്തിയാറാമത് യു.എന്‍ ടൂറിസം ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് റിയാദിലെത്തിയത്.


പൈതൃകം, മ്യൂസിയങ്ങള്‍, നാടകം, പെര്‍ഫോമിംഗ് ആര്‍ട്സ്, സിനിമ, ഫാഷന്‍, സംഗീതം, പാചക കലകള്‍, ദൃശ്യകലകള്‍, വാസ്തുവിദ്യ, രൂപകല്‍പ്പന, ലൈബ്രറികള്‍, സാഹിത്യം, പ്രസിദ്ധീകരണം, വിവര്‍ത്തനം, പരമ്പരാഗത കലകള്‍, കരകൗശല വസ്തുക്കള്‍, അറബി ഭാഷാ വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ സഹകരണവും സാംസ്‌കാരിക വിനിമയവും വളര്‍ത്തിയെടുക്കാന്‍ ഇരു രാജ്യങ്ങളിലെയും സാംസ്‌കാരിക മന്ത്രാലയങ്ങള്‍ തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. പൈതൃക സംരക്ഷണ പദ്ധതികളില്‍ അനുഭവസമ്പത്ത് കൈമാറാനും ഇരു രാജ്യങ്ങളിലെയും സാംസ്‌കാരിക ഉത്സവങ്ങളിലും പരിപാടികളിലും പങ്കെടുക്കാനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. സാംസ്‌കാരിക സഹമന്ത്രി റാകാന്‍ അല്‍തൂഖ്, അന്താരാഷ്ട്ര സാംസ്‌കാരിക ബന്ധങ്ങള്‍ക്കുള്ള സാംസ്‌കാരിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഫഹദ് അല്‍കന്‍ആന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ശ്രീലങ്ക, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുമായും ഷെഖാവത്ത് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ ലോകമെമ്പാടും ടൂറിസം സഹകരണവും സാംസ്‌കാരിക പങ്കാളിത്തവും വികസിപ്പിക്കുന്നത് തുടരുകയാണെന്ന് എക്സിലെ പോസ്റ്റില്‍ ശെഖാവത്ത് പറഞ്ഞു. യു.എന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ക്ക് സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് ഒരുക്കിയ അത്താഴവിരുന്നിലും ഷെഖാവത്ത് പങ്കെടുത്തു. ഊഷ്മളമായ ആതിഥ്യമര്യാദക്കും ആഗോള ടൂറിസം സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചുള്ള അര്‍ഥവത്തായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള അവസരത്തിനും നന്ദി – ഇന്ത്യന്‍ മന്ത്രി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.



