ജിദ്ദ – ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ അഞ്ചാം സ്ഥാനത്ത്. ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി 2025 റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സൗദിയുടെ ഈ നേട്ടം. രാത്രിയില്‍ തനിച്ച് നടക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് നിര്‍ണയിക്കാന്‍ 144 രാജ്യങ്ങളിലായി 1,44,000 ലേറെ ആളുകളില്‍ നടത്തിയ സർവേയിലാണ് സൗദി അറേബ്യ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികിൽ അഞ്ചാമനായി ഇടം പിടിച്ചത്. ലോകജനസംഖ്യയുടെ 73 ശതമാനം പേരും സ്വന്തം രാജ്യങ്ങളില്‍ രാത്രിയില്‍ സഞ്ചരിക്കുന്നതില്‍ സുരക്ഷിതത്വം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2006 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സുരക്ഷാ നിരക്കാണിത്. 2006 ല്‍ ആഗോള സുരക്ഷാ നിരക്ക് 63 ശതമാനമായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കിലും സമീപ വര്‍ഷങ്ങളില്‍ സുരക്ഷിതത്വബോധം ക്രമാനുഗതമായി വര്‍ധിച്ചു.
ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യം സിംഗപ്പൂര്‍ ആണ്. രാത്രിയില്‍ തനിച്ച് നടക്കുന്നത് സുരക്ഷിതമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത സിംഗപ്പൂരിലെ 98 ശതമാനം പേരാണ് വെളിപ്പെടുത്തി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സുരക്ഷാ നിരക്കാണിത്. 95 ശതമാനം സുരക്ഷാ നിരക്കുമായി താജിക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തി. 94 ശതമാനം സുരക്ഷാ നിരക്കുമായി ചൈനയും ഒമാനും മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തി. 93 ശതമാനം സ്‌കോറോടെയാണ് സൗദി അറേബ്യ അഞ്ചാം സ്ഥാനത്തെത്തിയത്. സുരക്ഷാ നിരക്കില്‍ മറ്റ് നിരവധി മിഡില്‍ ഈസ്റ്റ്, ലോക രാജ്യങ്ങളെക്കാള്‍ മുന്നിലാണ് സൗദി അറേബ്യ.
91 ശതമാനം സ്‌കോറുമായി ഹോങ്കോംഗ് ആണ് ആറാം സ്ഥാനത്ത്. ഇതേ നിരക്കുമായി കുവൈത്ത് ഏഴാം സ്ഥാനത്തെത്തി. 91 ശതമാനം സ്‌കോറുമായി നോര്‍വേ എട്ടാം സ്ഥാനത്തെത്തി പട്ടികയിലെ ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി. 90 സ്‌കോറുമായി ബഹ്റൈന്‍ ഒമ്പതാം സ്ഥാനത്തും 91 ശതമാനം സ്‌കോറുമായി യു.എ.ഇ പത്താം സ്ഥാനത്തുമാണ്. ലോകത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ പൊതുവെ ഉയര്‍ന്ന സുരക്ഷാ നിരക്ക് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. ചില രാജ്യങ്ങളിലെ ലിംഗ വ്യത്യാസം ഗണ്യമായി തുടരുന്നു. അമേരിക്കയില്‍ 58 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് രാത്രിയില്‍ തനിച്ച് നടക്കുന്നതില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നത്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ശതമാനം പോയിന്റുകളുടെ വ്യത്യാസമാണിത്. വികസിത രാജ്യങ്ങളില്‍ പോലും വ്യക്തിഗത സുരക്ഷാ സൂചകങ്ങളില്‍ നിലനില്‍ക്കുന്ന വെല്ലുവിളികളെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്ക ആഗോളതലത്തില്‍ അവസാന സ്ഥാനത്താണ്. ഇവിടെ ജനസംഖ്യയുടെ 33 ശതമാനം പേര്‍ക്ക് മാത്രമേ രാത്രിയില്‍ സുരക്ഷിതമായി നടക്കാന്‍ കഴിയുന്നുള്ളൂ. ഛാഢിനും മ്യാന്‍മറിനും 41 ശതമാനം തോതിലും ഇസ്വാറ്റിനിക്കും സിംബാബ്വെക്കും 40 ശതമാനം വീതവും ചിലിക്ക് 39 ശതമാനവും ഇക്വഡോറിന് 38 ശതമാനവും ലൈബീരിയ 37 ശതമാനവും ബോട്‌സ്വാനയും ലെസോത്തോയും 34 ശതമാനവും സ്‌കോര്‍ നേടി. ഈ രാജ്യങ്ങളില്‍ ചിലതില്‍ സുരക്ഷ കുറഞ്ഞതിന് കാരണം ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങളും ഉയര്‍ന്ന കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും നിരക്കും ആണെന്നും ഇത് അവിടത്തെ നിവാസികള്‍ക്ക് കൂടുതല്‍ അപകടകരമായ അന്തരീക്ഷമാക്കി മാറ്റുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.



