ജിദ്ദ – കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് നാട് കടത്തിയത് ഏകദേശം 11,544 നിയമ ലംഘകരെയെന്ന് ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബർ 25 മുതല്‍ ഒക്ടോബർ ഒന്നു വരെയുള്ള ദിവസങ്ങളിലാണ് വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകള്‍ വഴിയാണ് 11,544 നിയമ ലംഘകരെ നാടുകടത്തിയത്. ഈ ദിവസങ്ങൾക്കിടയിൽ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ അന്വേഷണത്തിൽ 18,673 നിയമ ലംഘകരും പിടിയിലായി. ഇവരിൽ 10,673 പേര്‍ ഇഖാമ നിയമ ലംഘകർ, 3,822 പേര്‍ നുഴഞ്ഞുകയറ്റക്കാർ എന്നിവർ ഉൾപെട്ടപ്പോൾ ബാക്കിയുള്ള 4,178 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരിൽ അധികവും യമൻ, എത്യോപ്യ എന്നി രാജ്യങ്ങളിൽ നിന്നാണ്.
ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 29,172 പുരുഷന്മാർ 1,843 വനിതകൾ എന്നിവരടക്കം 31,015 നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു വരികയാണ് അധികൃതർ. ഇവരിൽ 5,478 പേര്‍ക്ക് വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാനും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 2,139 പേര്‍ക്ക് മടക്കയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികളെടുക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ നുഴഞ്ഞുകയറുന്ന നിയമ ലംഘകരെ സഹായിക്കുന്ന നിരവധി പേരും ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുണ്ട്. ഇത്തരത്തിലുള്ളവർക്ക് 5 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.