ജിദ്ദ – ഗ്ലോബല്‍ എ.ഐ സൂചിക പ്രകാരം കൃത്രിമ ബുദ്ധി (എ.ഐ) മേഖലാ വളര്‍ച്ചയുടെ കാര്യത്തില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും എത്തി. ഒരാഴ്ച മുമ്പ് എ.ഐ അനുബന്ധ ജോലികളുടെ വളര്‍ച്ചാ നിരക്കില്‍ ആഗോളതലത്തില്‍ സൗദി അറേബ്യ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആഗോള എ.ഐ സൂചികയില്‍ സൗദി അറേബ്യ മുന്നേറ്റം രേഖപ്പെടുത്തിയത്. നിര്‍മിത ബുദ്ധിയില്‍ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിവിധ ആഗോള സൂചകങ്ങളില്‍ സ്ഥിരമായി മുന്നേറാന്‍ സൗദി അറേബ്യയെ പ്രാപ്തമാക്കി. ഇത് വികസന പദ്ധതികളുടെ ഫലപ്രാപ്തിയും വിഷന്‍ 2030 ചട്ടക്കൂടിനുള്ളില്‍ ഉയര്‍ന്ന അന്താരാഷ്ട്ര മത്സരശേഷി കൈവരിക്കാനുള്ള രാജ്യത്തിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നു.
ഗ്ലോബല്‍ എ.ഐ സൂചിക അളക്കുന്ന കാലയളവില്‍ സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി നേതൃത്വം നല്‍കി ഈ മേഖലയില്‍ വിപുലമായ ദേശീയ സംരംഭങ്ങള്‍ ആരംഭിച്ചു. നിരവധി പദ്ധതികളും സംരംഭങ്ങളും സൂചികയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തി. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഡാറ്റാബേസുകളുമായുള്ള ഇലക്‌ട്രോണിക് സംയോജനത്തിലൂടെ ഉപഭോക്തൃ ഡാറ്റ പരിശോധിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണക്കാനായി രൂപകല്‍പ്പന ചെയ്ത റുവാദ് പാക്കേജ് സംരംഭം പുതുതായി നടപ്പാക്കിയ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
ധാര്‍മ്മിക രീതികളെ കുറിച്ചുള്ള അവബോധം വളര്‍ത്താനും സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തെ പിന്തുണക്കാനുമായി എ.ഐ എത്തിക്‌സ് മോട്ടിവേഷണല്‍ ടാഗ് സംരംഭവും അതോറിറ്റി ആരംഭിച്ചു. ഈ സംരംഭം സ്ഥാപനങ്ങളെയും ഡെവലപ്പര്‍മാരെയും ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സഹായിക്കുന്നതിന് വ്യക്തമായ ചട്ടക്കൂട് നല്‍കുന്നു. ഈ മേഖലയിലെ മുന്‍ഗണനാ മേഖലകളെ സേവിക്കുന്ന എ.ഐ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് 50 ലേറെ ദേശീയ എ.ഐ കമ്പനികള്‍ക്ക് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.
സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെയും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും പിന്തുണയോടെ ന്യൂ നേറ്റീവ് കമ്പനിയുമായി സഹകരിച്ച് ജനറേറ്റീവ് എ.ഐ ആക്‌സിലറേറ്റര്‍ ‘ഗായ’ ആരംഭിച്ചത് നിരവധി സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാനും അവരുടെ വിപണി പ്രവേശനം ത്വരിതപ്പെടുത്താനും സഹായിച്ചു.
സൗദി അറേബ്യയിലെ എ.ഐ ശ്രമങ്ങള്‍ സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി അക്കാദമി സ്ഥാപിക്കുന്നതിലേക്ക് വ്യാപിച്ചിരിക്കുന്നു. ഡാറ്റ, എ.ഐ മേഖലകളിലെ അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്നുള്ള വിപുലമായ പരിശീലന പരിപാടികളിലൂടെ സ്വദേശികളുടെ ശേഷികള്‍ വികസിപ്പിക്കാനും യുവ പ്രതിഭകളെ ശാക്തീകരിക്കാനും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി അക്കാദമി പ്രവര്‍ത്തിക്കുന്നു.
ഏതാനും സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി അക്കാദമി ആരംഭിച്ച ‘സമായ്’ സംരംഭത്തിലൂടെ പത്തു ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് ഡാറ്റയിലും എ.ഐ ശേഷികളിലും പരിശീലനങ്ങള്‍ നല്‍കി. പൊതുജനങ്ങളെ ലക്ഷ്യം വെച്ചുള്ള ഏറ്റവും വലിയ ആഗോള എ.ഐ പരിശീലന പരിപാടികളില്‍ ഒന്നായി ഈ സംരംഭം കണക്കാക്കപ്പെടുന്നു.



