റിയാദ് – സൗദി അറേബ്യയും അമേരിക്കയും തമ്മിൽ സൈനിക സാമ്പത്തിക സഹകരണ കരാറുകൾ ഒപ്പിട്ടു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ നടത്തിയ ഔദ്യോഗിക ചര്‍ച്ചക്കിടെയാണ് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്. സൗദി, അമേരിക്കന്‍ ഗവണ്‍മെന്റുകള്‍ തമ്മില്‍ തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിന് കരാര്‍ ഒപ്പുവെച്ചത് നിരവധി മേഖലകളെ ശക്തിപ്പെടുത്തുകയും സംയുക്ത നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്യും.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ സൗദി സായുധ സേനയുടെ ശേഷികളുടെ വികസനവും ആധുനികവല്‍ക്കരണവും സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലും ഊര്‍ജ മേഖലാ സഹകരണത്തിന് രണ്ടു രാജ്യങ്ങളിലെയും ഊര്‍ജ മന്ത്രാലയങ്ങള്‍ തമ്മിലും കരാര്‍ ഒപ്പുവെച്ചു. പുനരുപയോഗ ഊര്‍ജം, ശുദ്ധമായ ഊര്‍ജ സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ പങ്കാളിത്തം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഊര്‍ജ മന്ത്രാലയങ്ങള്‍ തമ്മില്‍ സഹകരണ കരാര്‍ ഒപ്പുവെച്ചത്. ഖനന, ധാതുവിഭവ മേഖലാ സഹകരണത്തിനുള്ള ധാരണാപത്രം, ആഭ്യന്തര മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര ബിസിനസ് പ്രോഗ്രാമുകളും യു.എസ് നീതിന്യായ വകുപ്പിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും തമ്മിലുള്ള ധാരണാപത്രം എന്നിവയും കരാറുകളില്‍ ഉള്‍പ്പെടുന്നു.

നാഷണല്‍ ഗാര്‍ഡിന്റെ കര, വ്യോമ സംവിധാനങ്ങളും വെടിമരുന്ന്, പരിശീലനം, പിന്തുണാ സേവനങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യകതകളും വികസിപ്പിക്കാനും സഹകരണം വര്‍ധിപ്പിക്കാനുമുള്ള കരാര്‍, സൗദിയില്‍ ആരോഗ്യ മേഖലാ ശേഷികളുടെ വികസനത്തിന് സൗദി പ്രതിരോധ മന്ത്രാലയവും യു.എസ് പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം, സൗദി, അമേരിക്കന്‍ നീതിന്യായ മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണാപത്രം, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കാനുള്ള ക്യു-സാറ്റ് പദ്ധതിയില്‍ സഹകരിക്കുന്നതിന് സൗദി സ്‌പേസ് ഏജന്‍സിയും അമേരിക്കയിലെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്പേസ് അഡ്മിനിസ്‌ട്രേഷനും (നാസ) തമ്മിലുള്ള എക്സിക്യൂട്ടീവ് കരാര്‍, കസ്റ്റംസ് മേഖലാ സഹകരണ കരാര്‍, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യോമഗതാഗത കരാര്‍ ഭേദഗതി ചെയ്യാനുള്ള പ്രോട്ടോക്കോള്‍ എന്നിവയും ഒപ്പുവെച്ചു.
റിയാദ് അല്‍യമാമ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ വെച്ചാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചത്. അല്‍യെമാമ കൊട്ടാരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണ ചടങ്ങ് നടന്നു. അറേബ്യന്‍ കുതിരകള്‍ ട്രംപിന്റെ വാഹനവ്യൂഹത്തെ അനുഗമിച്ചു. അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് കാഹളം മുഴക്കുകയും 21 പീരങ്കിവെടികള്‍ മുഴക്കുകയും അമേരിക്കന്‍, സൗദി ദേശീയഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. കിരീടാവകാശിക്കൊപ്പം ട്രംപ് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
തുടര്‍ന്ന് ഇരുവരും ഔദ്യോഗിക ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള വഴികളും കൂടിക്കാഴ്ചക്കിടെ ചര്‍ച്ച ചെയ്യപ്പെട്ടു. പൊതുതാല്‍പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ ബഹുമാനാര്‍ഥം കിരീടാവകാശി ഔദ്യോഗിക ഉച്ചവിരുന്നും ഒരുക്കിയിരുന്നു.