റിയാദ് – സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഈജിപ്ഷ്യന്‍ പെട്രോളിയം, ധാതുവിഭവ മന്ത്രി കരീം ബദവിയും വൈദ്യുതി, പുനരുപയോഗ ഊര്‍ജ മന്ത്രി ഡോ. മഹ്മൂദ് ഇസ്മത്തും റിയാദില്‍ ഊര്‍ജ മന്ത്രാലയ ആസ്ഥാനത്ത് ചര്‍ച്ച നടത്തി. പെട്രോളിയം, ഗ്യാസ്, വൈദ്യുതി, പുനരുപയോഗ ഊര്‍ജം, ഹെഡ്രജന്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് മന്ത്രിമാര്‍ വിശകലനം ചെയ്തു.
മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ വൈദ്യുതി ശൃംഖലകളായ സൗദി, ഈജിപ്ഷ്യന്‍ വൈദ്യുതി ശൃംഖലകളെ ബന്ധിപ്പിക്കല്‍ അടക്കമുള്ള സംയുക്ത പദ്ധതികളെ കുറിച്ചും കൂടിക്കാഴ്ചക്കിടെ മന്ത്രിമാര്‍ വിശകലനം ചെയ്തു. വൈദ്യുതി ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വൈദ്യുതി വിതരണത്തിന്റെ സ്ഥിരതയും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയും വൈദ്യുതി പദ്ധതികളുടെ സാമ്പത്തിക, വികസന വരുമാനം ഉയര്‍ത്തുകയും ചെയ്യും.