ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് ഇസ്രായില്‍ വധിച്ച പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കാതെ നോക്കേണ്ടതിന്റെ പ്രാധാന്യവും ഗാസയില്‍ ശാശ്വത വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെ കുറിച്ചും സുഡാനിലെ പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.
യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാനും അമേരിക്കന്‍ വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് മേഖലയിലെ ഗുരുതരമായ സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കുന്നത് തടയുന്നതിനെയും ഗാസയില്‍ ശാശ്വത വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ഗാസയില്‍ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാനും ഗാസയില്‍ വഷളായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയോടുള്ള മാനുഷിക പ്രതികരണം വര്‍ധിപ്പിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. മേഖലാ, ആഗോള സുരക്ഷക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിച്ച് മേഖലയില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദവും സംഘര്‍ഷവും അക്രമവും അവസാനിപ്പിക്കേണ്ടതും ഗാസയില്‍ സാധാരണക്കാരുടെ ദുരിതങ്ങള്‍ ലഘൂകരിക്കേണ്ടതും ഏറെ പ്രധാനമാണെന്ന് യു.എ.ഇ വിദേശ മന്ത്രി പറഞ്ഞു. സുഡാനിലെ പുതിയ സംഭവവികാസങ്ങളും ഇവയുടെ പ്രത്യാഘാതങ്ങളും യു.എ.ഇ, അമേരിക്കന്‍ വിദേശ മന്ത്രിമാര്‍ വിശകലനം ചെയ്തു.