ജിദ്ദ – സൗദി, അമേരിക്കന്‍ കമ്പനികള്‍ തമ്മില്‍ 575 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് അറിയിച്ചു. വളര്‍ച്ചക്ക് നേതൃത്വം നല്‍കുക, സൗദി-അമേരിക്കന്‍ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന പ്രമേയത്തോടെ വാഷിംഗ്ടണില്‍ നടന്ന രണ്ടാമത് സൗദി-അമേരിക്കന്‍ നിക്ഷേപ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദി, അമേരിക്കന്‍ കമ്പനികള്‍ തമ്മിലുള്ള നിക്ഷേപങ്ങളും കരാറുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയും ലോകത്തിലെ ഏറ്റവും സാമ്പത്തിക പങ്കാളിത്തങ്ങളിലൊന്നായി മാറ്റുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിയാദ് സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ച 307 ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ക്കും കരാറുകള്‍ക്കും പുറമെ, രണ്ടാമത് സൗദി-അമേരിക്കന്‍ നിക്ഷേപ ഫോറത്തില്‍ 267 ബില്യണ്‍ ഡോളറിന്റെ പുതിയ കരാറുകളും ഉള്‍പ്പെടുന്നതാണ് മൊത്തം നിക്ഷേപങ്ങളെന്നും സൗദി നിക്ഷേപ മന്ത്രി പറഞ്ഞു.
വാഷിംഗ്ടണ്‍ ഡി.സിയിലെ ജോണ്‍ എഫ്. കെന്നഡി സെന്ററില്‍ നടന്ന രണ്ടാമത് സൗദി-അമേരിക്കന്‍ നിക്ഷേപ ഫോറത്തില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയിലെ വന്‍കിട വ്യവസായികളും കമ്പനി മേധാവികളും പങ്കെടുത്തു. കഴിഞ്ഞ മെയ് മാസത്തില്‍ റിയാദില്‍ നടന്ന ആദ്യ സൗദി-അമേരിക്കന്‍ നിക്ഷേപ ഫോറത്തില്‍ കൈവരിച്ച വിജയങ്ങളെ അടിസ്ഥാനമാക്കി സൗദി നിക്ഷേപ മന്ത്രാലയം സംഘടിപ്പിച്ച ഫോറത്തില്‍, സൗദി, അമേരിക്കന്‍ കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തങ്ങളുടെയും കരാറുകളുടെയും നിക്ഷേപ പദ്ധതികളുടെയും പുതിയ പാക്കേജിന് തുടക്കം കുറിച്ചു.
ഊര്‍ജം, കൃത്രിമബുദ്ധി, പ്രതിരോധം, ബഹിരാകാശം, ധനകാര്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ തന്ത്രപരമായ സഹകരണം വര്‍ധിപ്പിക്കുന്ന വിപുലമായ കരാറുകളുടെ ഒരു പരമ്പരയില്‍ ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ തമ്മില്‍ ഒപ്പുവെച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും ഏറ്റവും ചലനാത്മകവുമായ വിപണികളില്‍ ഒന്നായ സൗദി വിപണിയിലേക്ക് ഇനി
അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രവേശനം നല്‍കും.
അമേരിക്കന്‍ സാങ്കേതികവിദ്യയിലേക്കും ലോകത്തിലെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലേക്കും എളുപ്പത്തില്‍ പ്രവേശനം നേടുന്നതിലൂടെ പുതിയ കരാറുകള്‍ സൗദി കമ്പനികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇത് വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് സൗദി കമ്പനികളെ നയിക്കും. ഈ കരാറുകള്‍ സൗദി, അമേരിക്കന്‍ സമ്പദ്വ്യവസ്ഥകളുടെ വികസനത്തിനും സഹായിക്കും. ഒമ്പത് പതിറ്റാണ്ടുകളായി സൗദി അറേബ്യയും അമേരിക്കയും പങ്കാളികളാണ്.



