ജിദ്ദ – സൗദിയില്‍ വാര്‍ത്താവിനിമയ മേഖലയില്‍ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് 6-ജി ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷന്‍ (സി.എസ്.ടി) അറിയിച്ചു. ഇത് സാങ്കേതിക മേഖലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്തും. ആറാം തലമുറ (6-ജി) സാങ്കേതികവിദ്യകള്‍ പ്രാപ്തമാക്കുന്നതിന് പരിഗണിക്കുന്ന പ്രധാന ബാന്‍ഡുകളിലൊന്നായ 7 ജിഗാഹേര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡില്‍ മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ആദ്യ ട്രയല്‍ ആണ് വിജയകരമായി സൗദി അറേബ്യ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സൗദി ടെലികോം കമ്പനി (എസ്.ടി.സി), നോക്കിയ എന്നിവയുമായി സഹകരിച്ചാണ് ട്രയല്‍ നടത്തിയത്. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യകളോടുള്ള ഭാവിസമീപനത്തെയാണ് ഈ ട്രയല്‍ പ്രതിഫലിപ്പിക്കുന്നത്. ഈ മേഖലയിലെ ഏറ്റവും പുതിയ ആഗോള കണ്ടുപിടുത്തങ്ങള്‍ സ്വീകരിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഇത് സാങ്കേതികവിദ്യയിലും ഇന്നൊവേഷനിലും രാജ്യത്തിന്റെ മുന്‍നിര സ്ഥാനം വര്‍ധിപ്പിക്കുകയും ആഗോള സാങ്കേതിക പരിവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്ന നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.
ട്രയലില്‍ ഉപയോഗിച്ച ഫ്രീക്വന്‍സി ബാന്‍ഡ് 7.125 ജിഗാഹേര്‍ട്‌സിനും 8.4 ജിഗാഹേര്‍ട്‌സിനും ഇടയിലാണ്. 6-ജി സാങ്കേതികവിദ്യകള്‍ക്കായി പരിഗണിക്കുന്ന പ്രധാന ബാന്‍ഡുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. പുതിയൊരു ബാന്‍ഡ് പരീക്ഷിക്കാനുള്ള പ്രായോഗിക നടപടിയാണിത്. അന്താരാഷ്ട്ര തലത്തില്‍ ഫ്രീക്വന്‍സി സ്‌പെക്ട്രത്തിനായുള്ള നയങ്ങളും നിയന്ത്രണങ്ങളും രൂപപ്പെടുത്തുന്നതില്‍ സി.എസ്.ടിയുടെ പങ്ക് ഇത് ശക്തിപ്പെടുത്തുമെന്നും കമ്മീഷന്‍ പറഞ്ഞു. കമ്മ്യൂണിക്കേഷന്‍സ്, ബഹിരാകാശം, സാങ്കേതിക മേഖലകളില്‍ സൗദി അറേബ്യയുടെ അഭിലാഷങ്ങളെ പിന്തുണക്കാനും, മുന്‍നിര ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങള്‍ നല്‍കുന്ന വിപുലമായ പങ്കാളിത്തങ്ങളിലൂടെ ഭാവി സാങ്കേതികവിദ്യകളെ പ്രാപ്തമാക്കുന്ന നൂതന റെഗുലേറ്റര്‍ എന്നോണം പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സി.എസ്.ടിയുടെ മുന്‍നിര സ്ഥാനം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ തന്ത്രപരമായ സമീപനങ്ങളുടെ ഭാഗമായാണ് 6-ജി ട്രയല്‍ നടത്തിയത്.



