ജിദ്ദ- മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രവാസികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അമ്മിനിക്കാട് ഗ്ലോബൽ കെഎംസിസി ഏർപ്പെടുത്തിയ എം കെ ഹസ്സൻ ഹാജി സ്മാരക പ്രവാസി പുരസ്കാരം സമീർ ബാബു നീലേരിക്ക്. അമ്മിനിക്കാടിന്റെ പ്രവാസി കൂട്ടായ്മയുടെയും അമ്മിനിക്കാട് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെയും നേതൃനിരയിൽ പ്രവർത്തിച്ച മർഹൂം ഹസ്സൻ ഹാജിയുടെ നാമധേയത്തിലുള്ള പ്രഥമ പുരസ്കാരമാണിത്.
പ്രവാസികൾക്കിടയിലെ വിവിധ സേവനങ്ങൾക്കും അമ്മിനിക്കാട് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് കരുത്ത് പകർന്ന് അടിത്തട്ടിൽ പ്രവർത്തിച്ചതിനുമുള്ള അർഹതക്കുള്ള അംഗീകാരമായാണ് സമീർ ബാബുവിനുള്ള ഈ അവാർഡ്. അമ്മിനിക്കാട് ഗ്ലോബൽ കെഎംസിസിയുടെ സുരക്ഷാ പദ്ധതിയിൽ പ്രവാസികളെ അംഗങ്ങളാക്കുന്നതിലും അമ്മിനിക്കാട് ഗ്ലോബൽ കെഎംസിസിയുടെ വിവിധ പ്രോഗ്രാമുകൾ വിജയിപ്പിച്ചെടുക്കുന്നതിലും സമീർ ബാബു നേതൃപരമായ പങ്ക് വഹിച്ചിരുന്നു.
കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ മലപ്പുറം മണ്ഡലത്തിൽ ഇ ടി മുഹമ്മദ് ബഷീറിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ ബൂത്തുകളിൽ ഒന്നായി അമ്മിനിക്കാടിനെ ഉയർത്തിയതിലും മുസ്ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതിയിലേക് ഫണ്ട് സമാഹരിക്കുന്നതിൽ മണ്ഡലത്തിൽ അമ്മിനിക്കാടിനെ ഒന്നാമതെത്തിക്കുന്നതിലും സമീർ ബാബുവിന്റെ പരിശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്.
മേഖല എം.എസ്.എഫിന്റെ നേതൃത്വത്തിൽ നടന്ന “ഉമ്മത്തിന്റെ തണലോരത്ത്” പാണക്കാട് യാത്ര, “കാൽപന്താണ് ലഹരി” എന്ന പേരിൽ നടന്ന ഫുട്ബോൾ ടൂർണമെന്റ്, തമാർ ചലഞ്ച്, വടക്കേക്കരയിലെ ബൈത്തുറഹ്മ നിർമാണം, ലോകസഭാ ഇലക്ഷനോടനുബന്ധിച്ചു നടത്തിയ പ്രവാസി കൺവെൻഷൻ, ഗ്ലോബൽ കെഎംസിസി പദയാത്ര, പത്താം ക്ലാസ്, പ്ലസ് ടു വിജയികളെ ആദരിക്കുന്നതിന് വേണ്ടി നടത്തിയ “വിജയാരവം”, ഉൾപ്പെടെയുള്ള അമ്മിനിക്കാട് ഗ്ലോബൽ കെഎംസിസി യുടെയും പാർട്ടിയുടെയും കീഴ്ഘടകങ്ങളുടെയും വിവിധ പ്രോഗ്രാമുകൾ വിജയിപ്പിച്ചെടുക്കുന്നതിൽ സമീർ ബാബു മുഖ്യ പങ്ക് വഹിച്ചുവെന്നും പുരസ്കാര സമിതി വിലയിരുത്തി.