ജിദ്ദ – മനുഷ്യ ജീവിതത്തെ അടിമുടി മാറ്റുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോകയാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് സ്വദേശികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പ്രോഗ്രാം ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കുന്നു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പത്തു ലക്ഷം സൗദികള്‍ക്ക് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.
വണ്‍ മില്യണ്‍ സൗദീസ് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സമായ്) എന്ന് പേരിട്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ പ്രായവിഭാഗത്തിലും പെട്ട സ്വദേശികളോട് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ആവശ്യപ്പെട്ടു. ഈ നൂതന സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുന്നതിന് എല്ലാ പ്രായത്തിലുമുള്ള പരിശീലനാര്‍ഥികള്‍ക്ക് പ്രത്യേക പ്രോഗ്രാമിലൂടെ കൃത്രിമബുദ്ധി സാങ്കേതികവിദ്യ പഠിപ്പിക്കും.
രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലോകത്തിലെവിടെ നിന്നും എളുപ്പത്തിലും സൗകര്യപ്രദമായും പങ്കെടുക്കാന്‍ സാധിക്കുന്ന നിലക്ക്, ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഡിസ്റ്റന്‍സ് രീതിയിലാണ് പരിശീലന പ്രോഗ്രാം നടപ്പാക്കുക. അറബിയിലുള്ള പരിശീലനം തീര്‍ത്തും സൗജന്യമാണ്. സ്ത്രീപുരുഷ, പ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാ പൗരന്മാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കും. പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ പരിശീലനാര്‍ഥികള്‍ക്ക് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി അംഗീകരിച്ച പരിശീലന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഭാവിതലമുറകളെ പാകപ്പെടുത്താനും ഡിജിറ്റല്‍ യുഗത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് അവരെ ശാക്തീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍സ്-ഐ.ടി മന്ത്രാലയം, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് 2025-2026 അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്ലാ തലങ്ങളിലും കൃത്രിമ ബുദ്ധി പാഠ്യപദ്ധതി നടപ്പാക്കുമെന്ന് നാഷണല്‍ കരിക്കുലം സെന്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി പുതിയ പരിശീലന പദ്ധതി ഒത്തുപോകുന്നു. ആഗോള മത്സരശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ വിഷന്‍ 2030 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.. ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അവ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും പരിശീലന പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.
പ്രാദേശികമായും ആഗോളമായും പൊതു, സ്വകാര്യ മേഖലകളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഏറ്റവും പുതിയ ആഗോള രീതികള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി, വികസനങ്ങളുമായി പൊരുത്തപ്പെടുന്ന നിലക്ക് സ്വദേശികളുടെ ശേഷികള്‍ വികസിപ്പിക്കാനാണ് പരിശീലന പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
ഇന്നൊവേഷനെ പിന്തുണക്കുന്നതിലും വിജ്ഞാന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലുമുള്ള പരിവര്‍ത്തനാത്മക പങ്ക് കണക്കിലെടുത്ത്, കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള സ്വദേശികളുടെ സുസജ്ജത വര്‍ധിപ്പിക്കുന്നതിലൂടെയും അവരുടെ ദൈനംദിന ജീവിതവുമായി അവയെ സംയോജിപ്പിക്കുന്നതിലൂടെയും ഈ ദിശയിലുള്ള ദേശീയ നീക്കത്തെ പിന്തുണക്കുന്ന പരിശീലന വിഭാഗമായി സമായ് സംരംഭം പ്രവര്‍ത്തിക്കുന്നു.
ആഗോള സാങ്കേതിക ദാതാക്കളുമായി സഹകരിച്ച് ആധുനികവും സമ്പന്നവുമായ പഠന വസ്തുക്കളുടെ വിതരണം ഉറപ്പാക്കിക്കൊണ്ട് വിവിധ പ്രായക്കാര്‍ക്ക് സേവനം നല്‍കുന്ന നിലക്കാണ് ഈ സംരംഭത്തിന്റെ പരിശീലന ഉള്ളടക്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്വദേശികളാല്‍ നയിക്കപ്പെടുന്ന സുസ്ഥിര ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തിന് അനുസൃതമായി, കൃത്രിമ ബുദ്ധിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം വളര്‍ത്താനും ഈ സാങ്കേതികവിദ്യയില്‍ സുരക്ഷിതമായും ഫലപ്രദമായും ഇടപഴകുന്നതിന് ആവശ്യമായ അറിവും ഉപകരണങ്ങളും പങ്കാളികള്‍ക്ക് നല്‍കാനുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.