അറാര്‍ – പരിസ്ഥിതി നാശവും അമിതമായ കന്നുകാലി മേയ്ച്ചിലും കാരണം വര്‍ഷങ്ങളായി അപ്രത്യക്ഷമായ സാല്‍വിയ സ്പിനോസ സസ്യം ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ വാദി അല്‍അഖ്‌റഇല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മനോഹരമായ പൂക്കള്‍ക്കും ആകര്‍ഷകമായ രൂപത്തിനും പേരുകേട്ടതാണ് സാല്‍വിയ സ്പിനോസ. മേച്ചില്‍ നിയന്ത്രിച്ചും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചും പരിസ്ഥിതി സംരക്ഷണ നടപടികൾ ശക്തമാക്കിയതോടെയാണ് സാൽവിയ വീണ്ടും മുളച്ചു തുടങ്ങിയതെന്ന് പരിസ്ഥിതി അസോസിയേഷനായ അമാനിലെ അംഗമായ അദ്നാന്‍ ഖലീഫ പറഞ്ഞു. പരിസ്ഥിതി സംരക്ഷണ നടപടികള്‍ പ്രാദേശിക സസ്യജാലങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാല്‍വിയ സ്പിനോസ ബഹുമുഖ ഉപയോഗങ്ങളുള്ള പ്രധാന ഔഷധ സസ്യമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇതിന്റെ വീതിയേറിയ ഇലകളും ചെറിയ വെളുത്ത പൂക്കളും വിരിയുന്നു. ഈ ചെടിക്ക് നിരവധി പൊതുവായ പ്രാദേശിക പേരുകളുണ്ട്. സ്വാഭാവിക ആകൃതിയിലും ഇലയുടെ വലുപ്പത്തിലും പ്രചോദനം ഉള്‍ക്കൊണ്ട് പരമ്പരാഗത പേരുകളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. ഈ പാരിസ്ഥിതിക പുനരുജ്ജീവനം ഒരു സസ്യവര്‍ഗത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. മുമ്പ് വംശനാശ ഭീഷണി നേരിട്ടിരുന്ന മറ്റ് കാട്ടു സസ്യ ഇനങ്ങളുടെ ആവിര്‍ഭാവവും ഇതില്‍ ഉള്‍പ്പെടുന്നു.
പരിസ്ഥിതി അവബോധ ശ്രമങ്ങള്‍, ശുചീകരണ കാമ്പെയ്നുകള്‍, പ്രാദേശിക പരിസ്ഥിതി പുനരധിവാസം എന്നിവ ഫലം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ സവിശേഷ സസ്യ വൈവിധ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. ഇത് മേഖലയില്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും സുസ്ഥിര വികസനം കൈവരിക്കാനും സഹായിക്കുമെന്നും അദ്നാന്‍ ഖലീഫ പറഞ്ഞു.