റിയാദ് : ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായി സലിം കളക്കരയെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ഒ.ഐ.സി.സി സംഘടന തെരെഞ്ഞെടുപ്പ് സമയത്തുണ്ടായ സമവായത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ വര്‍ഷം അബ്ദുല്ല വല്ലാഞ്ചിറയും പിന്നീട് രണ്ടു വര്‍ഷം സലിം കളക്കരയും പ്രസിഡന്റ് ആവുക എന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നേതൃമാറ്റം ഉണ്ടായത്. അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡന്റ് ആയ കമ്മിറ്റിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു സലീം കളക്കര.
കഴിഞ്ഞ 25 വര്‍ഷത്തിലധികമായി റിയാദിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക രംഗത്തും കോണ്‍ഗ്രസ് സംഘടനാ രംഗത്തും സജീവ സാന്നിധ്യമാണ് ഇദ്ദേഹം.
പൊന്നാനിയിലെ കോണ്‍ഗ്രസ് കുടുംബമായ കളക്കര തറവാട്ടില്‍ നിന്നും കേരള വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സംഘടനാരംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഇഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ്, പൊന്നാനി ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രവാസലോകത്തു എത്തിയതിനു ശേഷവും കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളുടെ നേതൃനിരകളില്‍ പ്രവര്‍ത്തിച്ചുപോന്നു.
രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നപ്പോള്‍ റിയാദിലെ കോണ്‍ഗ്രസ് സംഘടന ഒ.ഐ.സി.സി എന്ന സംഘടനാ രൂപത്തിലേക്ക് ഒരുമിച്ചപ്പോള്‍ കുഞ്ഞി കുമ്പള പ്രസിഡന്റ് ആയ കമ്മിറ്റിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. 28 വര്‍ഷമായി പ്രവാസം തുടങ്ങിയിട്ട്. ഇപ്പോള്‍ റിയാദില്‍ സ്വന്തമായൊരു കമ്പനി തുടങ്ങിയിട്ടുണ്ട്. ആരിഫയാണ് ഭാര്യ. മുഹമ്മദ് ആസിഫ്, ഫാത്തിമ നിദ, ഫാത്തിമ നിസ എന്നിവരാണ് മക്കള്‍.