ജിദ്ദ- റിയാദ് ഇന്ത്യൻ എംബസി, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ജെംസ് ആന്റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജി.ജെ.ഇ.പി.സി) സംഘടിപ്പിക്കുന്ന ഇന്ത്യ-സൗദി ജ്വല്ലറി എക്‌സ്പോ- സാജെക്സ് 2025ന് തുടക്കമായി. ജിദ്ദയിലെ സൂപ്പർഡോമിൽ ആരംഭിച്ച എക്സ്പോ ഈ മാസം 13ന് വരെ തുടരും.
സൗദി വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ വ്യാവസായിക നിക്ഷേപ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി എഞ്ചിനീയർ ഫഹദ് അൽ ജുബൈരി, ഡിസൈനർ നൗറ അൽ-ഫൈസൽ രാജകുമാരി, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യാ ഗവൺമെന്റിന്റെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സിദ്ധാർത്ഥ് മഹാജൻ, സൗദി അറേബ്യയിലെ നിക്ഷേപ മന്ത്രാലയത്തിലെ നിക്ഷേപക ബന്ധങ്ങളുടെ ജനറൽ മാനേജർ ഖാലിദ് എ. അൽ-ഷാദ്ദി, സൗദി ജനറൽ അതോറിറ്റി ഓഫ് ഫോറിൻ ട്രേഡിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഫാലിഹ് അൽമുതൈരി, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഫസ്റ്റ് വൈസ് ചെയർമാൻ റഈദ് ഇബ്രാഹിം അൽമുദൈഹീം, ഗോൾഡ് കൗൺസിൽ മേധാവി അലി സാലിഹ് ബതർഫീ അൽ കിണ്ടി, ജി.ജെ.ഇ.പി.സി ചെയർമാൻ കിരിത് ബൻസാലി, ജി.ജെ.ഇ.പി.സി ഇന്റർനാഷണൽ എക്സിബിഷൻസ് കൺവീനർ നിലേഷ് കോത്താരി, ജിജെഇപിസി എക്സിക്യൂട്ടീവ് ഡയറക്ടർ സബ്യസാചി റേ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.


250 ബൂത്തുകളിലായി 200-ലധികം പ്രദർശകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. 2,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. 18k, 21k, 22k പ്യൂരിറ്റികളിലുള്ള സ്വർണ്ണാഭരണങ്ങൾ, അത്യാധുനിക ആഭരണ സാങ്കേതികവിദ്യ എന്നിവ വരെ പ്രദർശനങ്ങളിൽ ഉൾപ്പെടും.
2024-25 ൽ 32 ബില്യൺ ഡോളർ മൂല്യമുള്ള രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്ത രാജ്യമാണ് ഇന്ത്യ. ആഗോള വജ്ര വ്യാപാരത്തിൽ മൂല്യത്തിന്റെ 65 ശതമാനവും അളവിന്റെ 92 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. പ്രതിവർഷം ഒരു ബില്യണിലധികം വജ്രങ്ങളാണ് ഇന്ത്യ സംസ്ക്കരിക്കുന്നത്.
പ്രദർശനത്തോടൊപ്പം നടക്കുന്ന വേൾഡ് ജ്വല്ലറി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ, വ്യാപാര സൗകര്യം, നിക്ഷേപ അവസരങ്ങൾ, ജിസിസി ഉപഭോക്താക്കൾക്കുള്ള ചില്ലറ വിൽപ്പന, നിർമ്മാണ പ്രവണതകൾ, സുതാര്യതയും ഉപഭോക്തൃ വിശ്വാസവും വർദ്ധിപ്പിക്കുന്നതിൽ ലബോറട്ടറികളുടെയും അസോസിയേഷനുകളുടെയും പങ്ക് എന്നിവയെക്കുറിച്ചുള്ള പാനൽ ചർച്ചകളും നടക്കും.