റിയാദ്: റിയാദ് സീസൺ 2024ന് വര്‍ണാഭമായ തുടക്കം. പുതിയ പരിപാടികളും വേറിട്ട അനുഭവങ്ങളും ആഘോഷങ്ങളും ഒരുക്കിയിരിക്കുന്ന റിയാദ് സീസണിന്റെ ഭാഗമായ മൂന്ന് പ്രധാന ഇടങ്ങൾ സന്ദർശകർക്കായി തുറന്നു. ബുളിവാര്‍ഡ് വേള്‍ഡ്, ബുളിവാര്‍ഡ് സിറ്റി, അല്‍സുവൈദി പാര്‍ക്ക് എന്നിവടങ്ങളിലാണ് വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറുന്നത്. വിവിധ രാജ്യക്കാരായ പ്രവാസികൾക്കു വേണ്ടി അവരുടെ രാജ്യങ്ങളിൽ നിന്നുള്ള കലാ, സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ബുളിവാര്‍ഡ് വേള്‍ഡില്‍ ദിവസേന വൈകീട്ട് 4 മണി മുതല്‍ അര്‍ധരാത്രി 1 മണി വരെ സന്ദര്‍ശകർക്ക് പ്രവേശനമുണ്ട്. വിശാലമായ ബുളിവാര്‍ഡ് വേള്‍ഡിൽ ലോകത്തെ 22 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 22 മേഖലകളാണ് പ്രധാന ആകർഷണം. സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍, ആഫ്രിക്ക, കോര്‍ച്ചെവല്‍ എന്നീ അഞ്ചു പ്രദേശങ്ങള്‍ ഇത്തവണ പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 300 ഭക്ഷണശാലകളും കോഫി ഷോപ്പുകളും 890ലേറെ വ്യാപാര സ്ഥാപനങ്ങളും ബുളിവാര്‍ഡ് വേള്‍ഡിലുണ്ട്. ഈജിപ്ത്, സ്‌പെയിന്‍, ഇറ്റലി സോണുകള്‍ ഇത്തവണ വികസിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 21 പരിപാടികളും ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നാടക പ്രദര്‍ശനങ്ങളും ഇവിടെയുണ്ടാകും.
സസ്‌പെന്‍സും സാഹസികതയും നിറഞ്ഞ വിനോദങ്ങളാണ് ഈ വര്‍ഷം ബുളിവാര്‍ഡ് സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. പബ്ജി മൊബൈല്‍ അനുഭവം ഉള്‍പ്പെടെ, ആവേശവും സാഹസികതയും നിറഞ്ഞ ലേസർ യുദ്ധം പോലുള്ള വിനോദങ്ങളിലേക്ക് വാതിൽ തുറക്കുന്നു.
ഈ വര്‍ഷത്തെ റിയാദ് സീസണില്‍ സന്ദര്‍ശകരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഡെസ്റ്റിനേഷനാണ് 1,40,000 ചതുരശ്രമീറ്റർ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന അല്‍സുവൈദി പാര്‍ക്ക് ഏരിയ. ഇവിടെ വൈകീട്ട് നാലു മുതല്‍ അര്‍ധ രാത്രിവരെയാണ് പരിപാടികള്‍. വ്യത്യസ്ത പ്രവാസി കമ്മ്യൂണിറ്റികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന വാരാഘോഷങ്ങളാണ് പ്രധാന ഇനം. ഇന്ത്യൻ വാരാഘോഷത്തോടെയാണ് തുടക്കം.