റിയാദ് : റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് (57) അന്തരിച്ചു. മലബാർ കാൻസർ സെൻട്രലിൽ ചികിത്സയിലായിരുന്നു. രോഗം മൂർചിച്ചതോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായിരുന്നു. മൂന്നു പതിറ്റാണ്ടോളം റിയാദിൽ ബിസിനസ് ചെയ്തിരുന്ന അബ്ദുൽ മജീദ് രോഗബാധിതനായാണ് മൂന്നു മാസം മുമ്പ് നാട്ടിലേക്ക് ചികിത്സക്ക് പോയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ജീവനോളം സ്നേഹിച്ചിരുന്ന അബ്ദുൽ മജീദ്, കോൺഗ്രസിന്റെ പ്രവാസി സംഘടനായായ ഒഐസിസി യുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷമാണ് അബ്ദുൽ മജീദിനെ കണ്ണൂർ ജില്ലാ ഒഐസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുത്തത്.
ഇന്ന് രാത്രി 7:30 ന് റിയാദ് സബർമതിയിൽ (ഡി പാലസ് ബത്ത )മയ്യത്തു നിസ്കാരവും അനുശോചന സമ്മേളനവും നടക്കുമെന്നു ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അറിയിച്ചു. നിര്യാണത്തിൽ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നും നാളെയുമായി ഒ.ഐ.സി.സി നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അറിയിച്ചു. മെയ് 18 നു ഒഐസിസി സുരക്ഷാപദ്ധിതിയുടെ ഉദ്ഘാടനവേദിയായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടി. മെയ് 23നു ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു.
കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് കൊച്ചായി ഒടിയിൽ നഫീസയുടെയും അബ്ദുൾഖാദറിന്റെയും മകനാണ് അബ്ദുൽ മജീദ്. ഭാര്യമാർ റഷീദ, സറീന. മക്കൾ- അർഷാദ് (സൗദി) റിയാദ്, ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ് ,മിൻഹാ (മിന്നു). പരേതയായ ആസിയ, മഹ്മൂദ്, അബ്ദുൾറഹ്മാൻ, ഖദീജ, ശരീഫ, ഇബ്രാഹിം,സുഹറ എന്നിവർ സഹോദരങ്ങളാണ്.