റിയാദ്– റിയാദ് മെട്രോയുടെ വാർഷിക ടിക്കറ്റുകളുടെയും വിദ്യാർത്ഥികൾക്കായുള്ള ടേം ടിക്കറ്റുകളുടെയും നിരക്കുകൾ റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2026 ജനുവരി ഒന്ന് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. എല്ലാ വിഭാഗം യാത്രക്കാർക്കുമായി ഡിജിറ്റൽ, പ്ലാസ്റ്റിക് ഫോർമാറ്റുകളിൽ ലഭ്യമാകുന്ന വാർഷിക ടിക്കറ്റുകളിൽ സാധാരണ വിഭാഗത്തിന് 1,260 സൗദി റിയാലും ഫസ്റ്റ് ക്ലാസിന് 3,150 സൗദി റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി ടിക്കറ്റുകൾ വാങ്ങാൻ അധികൃതർ നിർദ്ദേശിക്കുന്നു. സ്‌കൂൾ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി 260 റിയാൽ നിരക്കിൽ നാല് മാസത്തേക്ക് സാധുതയുള്ള പ്രത്യേക ടേം ടിക്കറ്റുകളും ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് സാധാരണ ടിക്കറ്റുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. വാർഷിക, ടേം ടിക്കറ്റുകൾ ഉപയോഗിക്കുന്നവർക്ക് പരിധിയില്ലാത്ത യാത്രകൾ ആസ്വദിക്കാമെന്നതാണ് പ്രധാന സവിശേഷത. ദൈനംദിന യാത്രകൾ കൂടുതൽ ലളിതവും വഴക്കമുള്ളതുമാക്കാൻ ഈ പുതിയ ടിക്കറ്റ് ഓപ്ഷനുകൾ പ്രയോജനപ്പെടുത്തണമെന്ന് അതോറിറ്റി യാത്രക്കാരോട് ആഹ്വാനം ചെയ്തു.



