റിയാദ് – 13 മുതൽ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് ഏകദിന ഫ്യൂച്ചർ എന്റർപ്രണേഴ്‌സ് ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുമെന്ന് റിയാദ് എം.ഇ.എസ് ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടി എക്‌സ് ബിസിനസ് ഇക്കോസിസ്റ്റവുമായി സഹകരിച്ച് ഈ മാസം 20 നാണ് പരിപാടി സംഘടിപ്പിക്കുക. സ്റ്റാർട്ടപ്പ് സംരംഭക രംഗത്തെ സാധ്യതകളും അതിലേക്കാവശ്യമുള്ള പ്രശ്‌നപരിഹാര കഴിവ്, സാമ്പത്തിക അവബോധം, മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന ആശയങ്ങൾ ഇന്ററാക്ടീവ് സെഷനുകൾ വഴി കുട്ടികൾക്ക് പ്രായോഗികമായി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
സിബിഎസ്ഇ ബോർഡിന് കീഴിൽ നിലവിലുള്ള എൻസിഇആർടി പാഠ്യക്രമം വിദ്യാർഥികൾക്ക് ശക്തമായ അക്കാദമിക് അടിത്തറ നൽകുമ്പോൾ നിർമ്മിത ബുദ്ധി, ഓട്ടോമേഷൻ വഴി പുതിയ കാലത്തേക്ക് തയാറെടുക്കാൻ പ്രായോഗികാനുഭവങ്ങളും ലൈഫ് സ്‌കില്ലുകളും കുട്ടികൾക്ക് സ്‌കൂൾ കാലഘട്ടത്തിൽ തന്നെ ലഭിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബൂട്ട്ക്യാമ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരിശീലനത്തിന് നേതൃത്വം നൽകുന്നത് 15 വർഷത്തെ പ്രായോഗിക പരിചയമുള്ള 100ലധികം ബിസിനസ് ഉടമകളെ അവരുടെ സംരംഭങ്ങൾ വളർത്താൻ സഹായിച്ച ബിസിനസ് കോച്ചും ടി എക്‌സ് ബിസിനസ് ഇക്കോസിസ്റ്റം സ്ഥാപകനുമായ ഫസൽ റഹ്മാൻ ആണ്. ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാൻ യുവതലമുറയെ ഒരുക്കുക എന്ന എംഇഎസ് റിയാദ് ചാപ്റ്ററിന്റെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പരിപാടി.
താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ ഗൂഗിൾ ഫോം (https://forms.gle/P7U8gnCJiJ4ss1ye6) വഴിയോ അല്ലെങ്കിൽ 0508385294 / 0558919537 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. വാർത്താസമ്മേളനത്തിൽ എം ഇ എസ് റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി നവാസ് റഷീദ്, സെക്രട്ടറി ഷഫീഖ് പാനൂർ, എഡ്യൂക്കേഷൻ വിംഗ് കൺവീനർമാരായ യതി മുഹമ്മദ്, അബൂബക്കർ മഞ്ചേരി എന്നിവർ പങ്കെടുത്തു.



