റിയാദ്: രേഖകളില്ലാതെ 13 വര്‍ഷങ്ങളായി സൗദിയില്‍ കഴിഞ്ഞിരുന്ന ശ്രീലങ്കന്‍ യുവതിയും മൂന്ന് കുട്ടികളും റിയാദ് വനിത കെ.എം.സി.സിയുടെ കാരുണ്യത്തില്‍ നാടണഞ്ഞു. ശ്രീലങ്കക്കാരിയായ പുഷ്പലത എന്ന ഖദീജയും മക്കളായ മുഹമ്മദ് സിയാന്‍, മിസ്‌ല ഫര്‍വ്വീന്‍, അബ്ദുല്‍ റൈസാന്‍ എന്നിവരാണ് നീണ്ട കാലത്തെ ദുരിത ജീവിതത്തിന് അറുതി വരുത്തി ശ്രീലങ്കയിലേക്ക് യാത്രയായത്.
പതിമൂന്ന് വര്‍ഷം മുമ്പ് വീട്ടുജോലിക്കാരിയുടെ വിസയില്‍ സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി പട്ടണമായ അല്‍ ഖുറയ്യാത്തിലെത്തിയ പുഷ്പലത സ്‌പോണ്‍സറുടെ മാനസിക രോഗിയായ ഉമ്മയെ പരിചരിച്ചുവരികയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം വീട്ടുകാരുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടി റിയാദിലെത്തുകയും നിയമവിരുദ്ധമായി മറ്റൊരു കമ്പിനിയില്‍ ജോലി ചെയ്ത് വരികയുമായിരുന്നു.
ഇതിനിടയില്‍ മലയാളിയായ മുസ്തഫയെ പരിചയപ്പെടുകയും അയാളുമായി അടുപ്പത്തിലാവുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിച്ച പുഷ്പലത ഖദീജ എന്ന പേര് സ്വീകരിക്കുകയും മുസ്തഫയുടെ കൂടെ ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ടായി. കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെ മറ്റു രേഖകളൊന്നും ഉണ്ടായിരുന്നില്ല. നിയമ വിരുദ്ധമായി ജോലി ചെയ്ത് വന്നിരുന്ന മുസ്തഫ രണ്ട് വര്‍ഷം മുമ്പ് പോലീസ് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. പിന്നീട് അടുത്ത പരിചയക്കാരുടെ സഹായത്തിലാണ് ഖദീജയും കുട്ടികളും കഴിഞ്ഞു പോന്നിരുന്നത്.
തടവിലാക്കപ്പെട്ട മുസ്തഫയെ തര്‍ഹീല്‍ വഴി നാടുകടത്തിയതോടെ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഖദീജയുടെയും മക്കളുടെയും വിവരങ്ങളറിഞ്ഞ റിയാദ് കെ.എം.സി.സി വനിത വിംഗ് പ്രവര്‍ത്തകര്‍ അവര്‍ക്ക് തണലൊരുക്കുകയായിരുന്നു. അവര്‍ താമസിച്ചിരുന്ന വാടക മുറിയുടെ ഒരു വര്‍ഷത്തെ കുടിശിക നല്‍കുകയും അവര്‍ക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്തു.
ശ്രീലങ്കന്‍ എംബസിയില്‍ അഭയം തേടിയ ഖദീജക്കും കുട്ടികള്‍ക്കും രേഖകളൊന്നും ഇല്ലാത്തതിനാല്‍ തിരിച്ചയച്ചു. പോവാന്‍ മറ്റൊരു ഇടമില്ലാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി തെരുവിലലഞ്ഞ ഖദീജയുടെ ദുരിത ജീവിതം കണ്ട് വനിത കെ.എം.സി.സി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫും കുടുംബവും അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ എട്ട് മാസമായി അവര്‍ ഖദീജയേയും കുട്ടികളെയും സംരക്ഷിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍, നവാഹ് ശ്രീലങ്കന്‍ എംബസി ഉദ്യോഗസ്ഥരുമായി ഇടപെട്ട് ഫലമായി രേഖങ്ങള്‍ ശരിയാക്കി. ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകരായ വെങ്കിടേഷ്, നാസ് വക്കം എന്നിവരുടെ സഹായത്താല്‍ എയര്‍പോര്‍ട്ട് വഴി കഴിഞ്ഞ ദിവസം യുവതിയേയും കുഞ്ഞുങ്ങളേയും ശ്രീലങ്കയിലേക്ക് യാത്രയാക്കി.
ശ്രീലങ്കന്‍ എംബസി ഉദ്യോഗസ്ഥനായ ഹമീദ്, റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറർ അഷ്‌റഫ് വെള്ളപ്പാടത്ത് ,അബ്ദുറഹീം ആലുവ, യൂസഫ് പെരിന്തല്‍മണ്ണ, ഷംന രഹ്നാസ്, വനിത കെഎംസിസി കമ്മിറ്റി ജനറല്‍ സെക്രട്ടറി ജസീല മൂസ, മറ്റു ഭാരവാഹികളായ ഹസീന സൈതലവി, നജ്മ ഹാഷിം, തിഫ്‌ല അനസ്, സബിത മുഹമ്മദലി, സാറ നിസാര്‍, ഹസ്ബിന നാസര്‍, ഫസ്‌ന ഷാഹിദ് തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായ ഹസ്തവുമായി കൂടെയുണ്ടായിരുന്നു