റിയാദ്- കേരള എന്‍ജിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ടെക്‌നോ കള്‍ച്ചറല്‍ ആര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുല്‍ വഹാബും ഐ.ഡി ഫ്രഷ് ഫുഡ്‌സ് ഗ്ലോബല്‍ സി.ഇ.ഒ പി സി മുസ്തഫയും ചടങ്ങില്‍ മുഖ്യ അതിഥികളായി. ആമുഖ പ്രഭാഷണം ഷാഹിദലി നിര്‍വഹിച്ചു.
കെ. ഇ. എഫിന്റെ സ്ഥാപകരില്‍ ഒരാളായ ഇക്ബാല്‍ പൊക്കുന്ന് സംഘടനയുടെ ആവശ്യകത പങ്കുവെച്ചു. തുടര്‍ന്ന് ‘ഗാല്യൂബ് വിഷന്‍ ടു വെഞ്ചര്‍’ എന്ന ടെക്‌നിക്കല്‍ സെഷനില്‍ പി.സി മുസ്തഫ തന്റെ ബിസിനസ് വിജയത്തെക്കുറിച്ചും ബിസിനസില്‍ മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും പ്രാധാന്യത്തെകുറിച്ചും വിശദീകരിച്ചു. നൗഷാദലി മോഡറേറ്റര്‍ ആയ ചോദ്യോത്തര സെഷനില്‍ സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് പിസി മുസ്തഫ മറുപടി നല്‍കി.
എന്‍ജിനീയര്‍മാര്‍ക്ക് വേണ്ടി രൂപം കൊടുത്ത മൊബൈല്‍ അപ്ലിക്കേഷന്‍ ലോഞ്ചും അദ്ദേഹം നിര്‍വഹിച്ചു. കെ.ഇ.എഫ് പുറത്തിറക്കുന്ന മാഗസിന്‍ കെഫ്‌ടെകിന്റെ പ്രകാശനം ബീക്കണ്‍ ഗ്രൂപ്പ് ഗ്രൂപ്പ് എം.ഡി നമ്രാസ് നിര്‍വഹിച്ചു. റിയാദ് ഖാദിസിയ നവറസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖരും കെ. ഇ.എഫ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അടക്കം എഴുന്നൂറോളം പേര്‍ പങ്കെടുത്തു.
ആര്‍ട്‌സ് ഫെസ്റ്റ്, സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഗബ്രിറ്റ് കെ. ഇ. എഫ് അവാര്‍ഡ് സമര്‍പ്പണത്തില്‍ എക്‌സലന്‍സി എന്‍ജിനീയറിങ് അവാര്‍ഡ് നബീല്‍ ഷാജുദ്ദീനും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സാബു പുത്തന്‍പുരയ്ക്കലിനും കമ്മ്യൂണിറ്റി ഇംപാക്ട് അവാര്‍ഡ് കരീം കണ്ണപുരത്തിനും എന്‍ജിനീയറിങ് ഓണ്ടര്‍പ്രണര്‍ എക്‌സലന്‍സ് അവാര്‍ഡ് ഷാഹിദ് മലയിലിനും നോണ്‍ എന്‍ജിനീയറിങ് ഓണ്ടര്‍പ്രണര്‍ എക്‌സലന്‍സ് അവാര്‍ഡ് എം.ടി.പി മുഹമ്മദ് കുഞ്ഞിക്കും സമര്‍പ്പിച്ചു. നേരത്തെ സംഘടിപ്പിച്ച മൈന്‍ഡ് മാസ്റ്റേഴ്‌സ് ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അക്കാദമിക് അഡൈ്വസര്‍ കതിരേഷന്‍ സമ്മാനം നല്‍കി.