റിയാദ്- വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാകാന്‍ കേളി കലാസാംസ്കാരിക വേദിയും. കേരള സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍ ഭഗവാക്കാകുന്നതിന്റെ ഭാഗമായി ഒരു കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് കേളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവന്‍ അംഗങ്ങളും ഈ ഉദ്യമത്തില്‍ പങ്കാളികളാകും. റിയാദിലെ പൊതു സമൂഹത്തിനും കേളിയോടൊപ്പം കൈകോര്‍ക്കാവുന്നതാണ്.കേളിയുടെ ‘സ്നേഹസ്പര്‍ശം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്. ഇതുവരെ 341 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ല. 180 ല്‍ അധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തം നടന്ന രണ്ടാം ദിവസം തന്നെ പ്രവാസ ലോകത്ത് നിന്ന് ആദ്യമായി കേളി പത്ത് ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.ദുരന്തത്തില്‍ സകലതും നഷ്ടമായവര്‍ക്കായി വിപുലമായ പുനരധിവാസ പാക്കേജ് തയ്യാറാക്കുമെന്നും പൂര്‍ണ്ണമായും തകര്‍ന്നു പോയ ജനവാസ മേഖലയ്ക്ക് പകരം സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗണ്‍ഷിപ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കേളിയെ ഈ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമത്തില്‍ പ്രവാസ ലോകത്തുനിന്നും കഴിയാവുന്നതിന്റെ പരമാവധി ചെയ്യാന്‍ കേളി രംഗത്തുണ്ടാവും. മുണ്ടക്കൈയും ചൂരല്‍മലയും ഒലിച്ചുപോയപ്പോഴും ആയിരങ്ങളെ വീണ്ടെടുത്തത് യുദ്ധസമാന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ്. രണ്ടായിരത്തിലധികം പേരെയാണ് ദുരന്തമുഖത്ത് നിന്നും രക്ഷാപ്രവര്‍ത്തകര്‍ കൈപിടിച്ചുകയറ്റിയത്. മുന്‍ കാലങ്ങളിലെ പ്രളയവും മഹാമാരിയും പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഏകോപനത്തിന് വഴി കാട്ടി. മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഈ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിഞ്ഞു. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട ഒരോരുത്തരേയും അഭിനന്ദിക്കുന്നു.അതിദാരുണ ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസം പകരാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വയനാടിനെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം. 2018 – 19 ല്‍ കേരളം നേരിട്ട മഹാപ്രളയത്തില്‍ വിവിധ ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി അര കോടി രൂപയാണ് കേളി നല്‍കിയത്. കൂടാതെ കേളി പ്രവര്‍ത്തകര്‍ വ്യക്തിപരമായും സഹായങ്ങള്‍ നല്കി. കൊറോണ മഹാമാരിയില്‍ കേരളത്തിലെ ജനങ്ങള്‍ക് സൗജന്യ വാക്സിന് നല്‍കാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ കൈകൊണ്ട വേളയിലും കേളി വാക്സിന് ചലഞ്ച് ഏറ്റെടുക്കുകയും 23,42,374 രൂപ സര്‍ക്കാരിന് കൈമാറുകയും ചെയ്തു.വാര്‍ത്താസമ്മേളനത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് സെബിന് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group