റിയാദ്: റിയാദ് കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആറു മാസം നീണ്ടുനില്‍ക്കുന്ന തസ്‌വീദ് കാമ്പയിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ മാസം 16, 17 തീയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എക്‌സിറ്റ് 18ലെ ഗ്രീന്‍ റിക്രിയേഷന്‍ ക്ലബ്ബിലാണ് മത്സരം. വിവിധ കാറ്റഗറികളിലായി ഇരുപതിലധികം മത്സരങ്ങളില്‍ 300 താരങ്ങള്‍ പങ്കെടുക്കും. 15,000 റിയാലിന്റെ ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിക്കും.
ഒക്ടോബറിലാണ് തസ്‌വീദ് കാമ്പയിന്‍ ആരംഭിച്ചത്. സമൂഹത്തിന്റെ ഉയര്‍ച്ചയും പങ്കാളിത്തവും ലക്ഷ്യമാക്കി വിവിധ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി നടക്കുന്നത്. മണ്ഡലംതല ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ്, ലേഡീസ് ഫെസ്റ്റ് തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടന്നു. ഇതിനു പുറമെ പ്രവര്‍ത്തകരുടെയും പ്രൊഫഷണലുകളുടെയും കാഴ്ചപ്പാടുകള്‍ സാമൂഹിക ഇടപെടലുകളും വളര്‍ത്തുന്നതിന് റാഷിദ് ഗസ്സാലി നയിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സും നടന്നുവരുന്നു. കോഴ്‌സിന്റെ കോണ്‍വൊക്കേഷന്‍ ഫെബ്രുവരി 14 ന് നടക്കും.
കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഐക്യ സമ്മേളനത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി, ഹുസൈന്‍ മടവൂര്‍, കെ.എം. ഷാജി തുടങ്ങിയവര്‍ പങ്കെടുക്കും. ബിസിനസ് മീറ്റ്, ഇഫ്താര്‍ മീറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. സമാപനം കണ്ണൂര്‍ ഫെസ്റ്റ് എന്ന പേരില്‍ 2025 ഏപ്രിലില്‍ നടക്കും. ദേശീയ, സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കും. കണ്ണൂരിന്റെ കലാ സാംസ്‌കാരിക തനിമ വിളംബരം ചെയ്യുന്ന പരിപാടിയായിരിക്കും കണ്ണൂര്‍ ഫെസ്റ്റ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിന്നുള്ള 11 പെണ്‍കുട്ടികള്‍ക്ക് കണ്ണൂരില്‍ സമൂഹ വിവാഹവും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പെരുമ്പ, പ്രസിഡന്റ് അന്‍വര്‍ വാരം, കണ്ണൂര്‍ ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി മുക്താര്‍ പിടിപി എന്നിവര്‍ സംബന്ധിച്ചു.