റിയാദ് – തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും റിയാദ് മെട്രോ സ്റ്റേഷനുകള്‍ക്കും ഇടയിലെ ഗതാഗത അനുഭവം മെച്ചപ്പെടുത്താനും കണക്ഷനുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു.
സുല്‍ത്താന മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റൂട്ട് 973 ഉം കിംഗ് സൗദ് യൂനിവേഴ്‌സിറ്റി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റൂട്ട് 990 ഉം ആണ് ഇന്നു മുതല്‍ സര്‍വീസ് ആരംഭിച്ച പുതിയ റൂട്ടുകള്‍ എന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
റിയാദ് ബസ് പദ്ധതി വഴി ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിനെ പൊതുഗതാഗത ശൃംഖലയുമായി ബന്ധിപ്പിച്ചതായി കഴിഞ്ഞ മാര്‍ച്ചില്‍ റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചിരുന്നു. കൂടുതല്‍ അഭിവൃദ്ധി പ്രാപിച്ച നഗരങ്ങള്‍ സൃഷ്ടിക്കുക എന്ന സൗദി അറേബ്യയുടെ വിഷന്‍ 2030 ലക്ഷ്യങ്ങളും സമഗ്ര വികസന ലക്ഷ്യങ്ങളും കൈവരിക്കാനായി, നഗര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും റിയാദ് നഗരത്തിലെ ജീവിത നിലവാരം ഉയര്‍ത്താനുമുള്ള പ്രതിബദ്ധത റിയാദ് റോയല്‍ കമ്മീഷന്‍ സ്ഥിരീകരിച്ചു.