റിയാദ് – ഇത്തവണത്തെ റിയാദ് ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ വിശിഷ്ടാതിഥി രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ അഞ്ചു വരെയാണ് ഈ വര്‍ഷത്തെ റിയാദ് ബുക് ഫെയര്‍ നടക്കുക. ബുക് ഫെയറില്‍ വിശിഷ്ടാതിഥിയെന്നോണമുള്ള ഖത്തറിന്റെ പങ്കാളിത്തം സൗദി അറേബ്യയെയും ഖത്തറിനെയും ഒന്നിപ്പിക്കുന്ന ചരിത്രപരമായ സാഹോദര്യ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു.
ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങളും അപൂര്‍വ കൈയെഴുത്തു പ്രതികളുടെ ശേഖരവും അടങ്ങുന്ന പവലിയനും കുട്ടികള്‍ക്കുള്ള ഏരിയയിലെ പവലിയനില്‍ കുട്ടികള്‍ക്കായി സമര്‍പ്പിച്ച വിവിധ ആക്ടിവിറ്റികളും ഖത്തറിന്റെ പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു. സാംസ്‌കാരിക പ്രോഗ്രാമുകളുടെ ഭാഗമായി സെമിനാറുകള്‍, ഡയലോഗ് സെഷനുകള്‍, കവിയരങ്ങുകള്‍, ഖത്തറിലെ പോപ്പുലര്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയുമുണ്ടാകും.