റിയാദ് – സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി കയ്റോയെ തെരഞ്ഞെടുത്തു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍ റിയാദ് എയര്‍ പ്രതിദിന ഇനി സര്‍വീസുകള്‍ ആരംഭിക്കും. ഈ തന്ത്രപരമായ നീക്കം ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളില്‍ ഒന്നില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും നൂതന പ്രവര്‍ത്തന കാര്യക്ഷമത, അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, അസാധാരണമായ സുഖസൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന ആധുനിക ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനത്തില്‍ യാത്രക്കാര്‍ക്ക് ലോകോത്തര യാത്രാനുഭവം വാഗ്ദാനം ചെയ്യുമെന്നും റിയാദ് എയര്‍ വിശദീകരിച്ചു.
വരും കാലയളവില്‍ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന കാര്യക്ഷമതയും വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള സുസജ്ജതയും കൈവരിക്കാന്‍ ലക്ഷ്യമിടുന്ന പാത്ത് ടു ടേക്ക്ഓഫ് എന്ന പ്രവര്‍ത്തന പദ്ധതി കയ്‌റോ സര്‍വീസ് നിറവേറ്റുന്നുവെന്ന് റിയാദ് എയര്‍ വ്യക്തമാക്കി. ലണ്ടനിലേക്കും ദുബൈയിലേക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാനായി റിയാദ് എയര്‍ തങ്ങളുടെ വിമാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് പിന്നാലെയാണ് കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ചരിത്രപരവും സാമ്പത്തികവും ടൂറിസവുമായ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ റിയാദിനും കയ്റോക്കും ഇടയിലുള്ള യാത്രക്കാരുടെ കണക്കുകള്‍ ഈ റൂട്ടിന്റെ തന്ത്രപരമായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. രണ്ട് തലസ്ഥാനങ്ങള്‍ക്കിടയില്‍ പ്രതിവര്‍ഷം സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം 27 ലക്ഷത്തിലധികമാണ്. സൗദി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ കയ്റോയാണ് ഒന്നാം സ്ഥാനം. സൗദിയിലേക്കുള്ള മൊത്തം സന്ദര്‍ശകരില്‍ പ്രധാന ശതമാനം ഈജിപ്ഷ്യന്‍ സന്ദര്‍ശകരാണ്. ഇത് പ്രാദേശിക, അന്തര്‍ദേശീയ കണക്റ്റിവിറ്റി ശൃംഖലയില്‍ റിയാദ്-കയ്‌റോ റൂട്ടിന്റെ സ്ഥാനം ശക്തിപ്പെടുത്തും. ഹജ്, ഉംറ, ബിസിനസ്സ്, ടൂറിസം ആവശ്യങ്ങള്‍ക്കുള്ള യാത്രക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തിനുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ പുതിയ സര്‍വീസുകളുടെ സമാരംഭം. വൈവിധ്യമാര്‍ന്ന സഞ്ചാര വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമഗ്രമായ അനുഭവം റിയാദ് എയര്‍ വാഗ്ദാനം ചെയ്യുന്നു.
ലണ്ടനും ദുബൈയിക്കും ശേഷം തങ്ങളുടെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി കയ്റോ സര്‍വീസ് ആരംഭിക്കുന്നത് റിയാദിനെ ലോകവുമായും ലോകത്തെ റിയാദുമായും ബന്ധിപ്പിക്കാനുള്ള തങ്ങളുടെ പ്രയാണത്തിലെ പുതിയ ചുവടുവെപ്പാണെന്ന് റിയാദ് എയര്‍ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു. വിനോദസഞ്ചാരത്തിനും ലോജിസ്റ്റിക്‌സ് സര്‍വീസിനുമുള്ള ആഗോള കേന്ദ്രമാക്കി രാജ്യത്തെ മാറ്റുക, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായുള്ള വ്യോമ ബന്ധം വര്‍ധിപ്പിക്കുക എന്നിവ ഉന്നമിട്ട്, ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ റിയാദിന്റെ സ്ഥാനം ഉറപ്പിക്കാനും വിഷന്‍ 2030 പശ്ചാത്തലത്തില്‍ ദേശീയ ടൂറിസം തന്ത്രത്തിന്റെയും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തിന്റെയും ലക്ഷ്യങ്ങളെ പിന്തുണക്കാനുമുള്ള റിയാദ് എയറിന്റെ തന്ത്രവുമായി ഇത് യോജിക്കുന്നുവെന്ന് ടോണി ഡഗ്ലസ് ചൂണ്ടികാട്ടി.



