റിയാദ്- മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള പിണറായി വിജയന്റെ നീക്കം അപലപനീയമെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സാമുദായിക ഐക്യത്തിനും സൗഹാർദ്ദത്തിനും കഴിയാവുന്നതെലാം ചെയ്ത പാരമ്പര്യമാണ് പാണക്കാട് തങ്ങന്മാർക്കുള്ളത്. കേരളത്തിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി യാതൊരു ധാർമികതയുമില്ലാതെ വർഗീയത പ്രചരിപ്പിക്കുന്ന നയമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുകൾ കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് സിപിഎം. ലീഗിനെതിരെ മുസ്‌ലിം സമുദായത്തിനുള്ളിൽ നിന്ന് ഉയർന്നുവന്നിട്ടുള്ള ലീഗ് വിരുദ്ധ ഗ്രൂപ്പുകളെയെല്ലാം അവശ്യാനുസരണം പിന്തുണക്കുകയും വോട്ടുകൾ സ്വീകരിക്കുയും സഹായം നൽകുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്.
ന്യൂനപക്ഷ വിഭാഗം സിപിഎമ്മിന്റെ കപട രാഷ്ട്രീയം തിരിച്ചറിഞ്ഞതിലുള്ള അരിശമാണ് മുഖ്യമന്ത്രി പാണക്കാട് തങ്ങളുടെ നേർക്ക് തീർക്കുന്നത്. മുനമ്പം പോലെയുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ തങ്ങൾ സ്വീകരിച്ച നിലപാടുകൾ പ്രശംസനീയമാണ്. ഈ വിഷയത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയെ പ്രതിരോധിച്ചതിലുള്ള അസഹിഷ്ണുതയാണ് തങ്ങൾക്കെതിരെയുള്ള ആരോപണത്തിന് കാരണം. പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ലഭിച്ച ചരിത്ര വിജയം. പ്രിയങ്ക ഗാന്ധിയുടെ മികച്ച വിജയം ദേശീയതലത്തിൽ കോൺഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുമെന്നും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയിൽ റിയാദിൽ നിന്ന് ഇരുപതിനായിരം അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, ഷാഫി മാസ്റ്റർ തുവ്വൂർ, ജലീൽ തിരൂർ,മജീദ് പയ്യന്നൂർ, അഡ്വ അനീർ ബാബു, അഷ്‌റഫ് കൽപകഞ്ചേരി, നജീബ് നല്ലാംങ്കണ്ടി, മാമുക്കോയ തറമ്മൽ, ഷമീർ പറമ്പത്ത്, പിസി മജീദ്, ഷംസു പെരുമ്പട്ട, സിറാജ് തേഞ്ഞിപ്പലം, ജില്ലാ-മണ്ഡലം ഏരിയ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്,സുഹൈൽ അമ്പലക്കണ്ടി, മുക്താർ പി ടി പി, ഷാഫി സെഞ്ച്വറി, മുഹമ്മദ് കുട്ടി വാടാനപ്പള്ളി, നവാസ് ബീമാപ്പള്ളി, അഷ്‌റഫ് മോയൻ, നൗഫൽ ചാപ്പപ്പടി,സിദീഖ് കൂറൂലി, റിയാസ് തിരൂർക്കാട് ,സാലിഹ് ചെലൂർ, ഇസ്മായിൽ മമ്പുറം എന്നിവർ പ്രസംഗിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അബ്ദുറഹ്മാൻ ഫറൂഖ് നന്ദിയും പറഞ്ഞു.