ദമാം – ഭിന്നശേഷിക്കാർ മാത്രം ജോലി ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സൗദിയിലെ ആദ്യ റെസ്‌റ്റോറന്റ് കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ പ്രവര്‍ത്തനം തുടങ്ങി. അമേരിക്കയില്‍ നിന്ന് എം.ബി.എ ബിരുദം നേടിയ ബധിര ദമ്പതികളായ ഹുസൈനും അരീനയും ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ത ശ്രേണികളില്‍ പെട്ടവരുടെ ഉറച്ച പിന്തുണയോടെ പ്രൗഢോജ്വലമായ ചടങ്ങിലാണ് റെസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. സ്ഥാപനത്തിന്റെ ഉടമകള്‍ മാത്രമല്ല, മുഴുവന്‍ ജീവനക്കാരും ബധിരരാണ്. ഉപയോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ഇവര്‍ ആംഗ്യഭാഷ അവലംബിക്കുന്നു.
മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് റെസ്‌റ്റോറന്റ് ആരംഭിച്ചതെന്ന് ഹുസൈന്‍ പറഞ്ഞു. തങ്ങളുടെ സംരംഭത്തിന് എല്ലാവരും പിന്തുണ നല്‍കി. ഉദ്ഘാടന ചടങ്ങില്‍ നിരവധി ബധിരര്‍ പങ്കെടുത്തു. ഇതാണ് തങ്ങള്‍ക്കുള്ള ഏറ്റവും വലിയ പിന്തുണയെന്നും ഹുസൈന്‍ പറഞ്ഞു. റെസ്‌റ്റോറന്റ് തുറന്നതില്‍ അതിയായി സന്തോഷിക്കുന്നതായി അരീന പറഞ്ഞു.
സമൂഹത്തില്‍ ലയിച്ചുചേരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച സന്ദേശം ബധിരരില്‍ എത്തിക്കാനുള്ള മാര്‍ഗം എന്നോണമാണ് റെസ്‌റ്റോറന്റ് തുറക്കാന്‍ ഹുസൈനും അരീനയും തീരുമാനിച്ചത്. റെസ്‌റ്റോറന്റില്‍ മറ്റു ഉപയോക്താക്കളില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സ്‌ക്രീനില്‍ തെളിയുന്ന മെനുപട്ടികയില്‍ അമര്‍ത്തിയാണ് തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യേണ്ടത്. ആംഗ്യഭാഷ വിശദീകരിക്കുന്ന ബോര്‍ഡുകളും ഉപകരണങ്ങളും വഴി സ്ഥാപനത്തിലെ ജീവനക്കാര്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നു.