റിയാദ്: ഡെബിറ്റ് കാർഡ് (മദാ) ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് പരാതികള്‍ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ സൗകര്യമൊരുക്കിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ക്കെതിരെ ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെട്ട് പരാതി നൽകണം. അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടില്‍ പ്രവേശിച്ച് ഖിദ്മാത്തീ, പൊതുസുരക്ഷാ വകുപ്പ്, സാമ്പത്തിക തട്ടിപ്പിനെ കുറിച്ച പരാതി എന്നീ ലിങ്കുകളിൽ ക്ലിക്ക് ചെയ്താണ് പരാതി സമർപ്പിക്കേണ്ടത്. പരാതി ലഭിച്ചാലുടന്‍ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വിദേശികള്‍ക്ക് തങ്ങളുടെ ആശ്രിതരുടെ ഇഖാമ സ്വയം ഇഷ്യു ചെയ്ത് എടുക്കാവുന്ന സേവനവും അബ്ശിറില്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്. സൗദിയിലേക്ക് പ്രവേശിക്കുമ്പോള്‍ നല്‍കുന്ന ബോര്‍ഡര്‍ നമ്പര്‍ ഉള്ള കുടുംബാംഗങ്ങളുടെ ഇഖാമയാണ് ഇങ്ങിനെ രക്ഷകര്‍ത്താവിന് അബ്ശിര്‍ വഴി ഇഷ്യു ചെയ്ത് എടുക്കാന്‍ സാധിക്കുക. അബ്ശിര്‍ അക്കൗണ്ടില്‍ പ്രവേശിച്ച് കുടുംബാംഗങ്ങളുടെ സേവനം, വിദേശികളുടെ സേവനം, ഗുണഭോക്താവിനെ തെരഞ്ഞെടുക്കല്‍, ആശ്രിതനെ ചേര്‍ക്കല്‍ എന്നീ ലിങ്കുകൾ വഴിയാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന് അബ്ശിര്‍ വ്യക്തമാക്കി.
കാലാവധി തീര്‍ന്ന റീ-എന്‍ട്രി വിസ റദ്ദാക്കല്‍ അടക്കമുള്ള പുതിയ സേവനങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് അബ്ശിറില്‍ ആരംഭിച്ചിരുന്നു. കാലാവധി തീര്‍ന്ന റീ-എന്‍ട്രി വിസ റദ്ദാക്കല്‍, സൗദി പൗരന്റെ വിദേശിയായ മാതാവിന്റെ ഇഖാമ പുതുക്കല്‍, ആശ്രിതരെ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങളാണ് അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ പുതുതായി ആരംഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പെട്ട ആശ്രിതരെ ഉള്‍പ്പെടുത്തല്‍ സേവനമാണ് തങ്ങളുടെ കുടുംബാംഗങ്ങളുടെ ഇഖാമകള്‍ സ്വയം ഇഷ്യു ചെയ്ത് എടുക്കാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കുന്നത്.
സമയവും അധ്വാനവും ലാഭിച്ച് ഗുണഭോക്താക്കള്‍ക്ക് വേഗത്തിലും ഉയര്‍ന്ന നിലവാരത്തിലും സേവനങ്ങള്‍ നല്‍കാനും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനുമാണ് പുതിയ സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജനുവരിയില്‍ 2.63 കോടിയിലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി നല്‍കിയിരുന്നു. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി 2,33,19,656ഉം അബ്ശിര്‍ ബിസിനസ് വഴി 33,73,708 സേവനങ്ങളുമാണ് കഴിഞ്ഞ മാസം നല്‍കിയത്. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ എണ്ണം 2.8 കോടിയും അബ്ശിര്‍ ബിസിനസ് ഉപയോക്താക്കളുടെ എണ്ണം 18 ലക്ഷവും കവിഞ്ഞിട്ടുണ്ട്. പുതിയ ഇഖാമ ഇഷ്യു ചെയ്യല്‍, ഇഖാമ പുതുക്കല്‍, സൗദി പാസ്‌പോര്‍ട്ടുകള്‍, റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, റീ-എന്‍ട്രി ദീര്‍ഘിപ്പിക്കല്‍ എന്നിവ അടക്കം 400 ലേറെ സേവനങ്ങള്‍ അബ്ശിര്‍ വഴി വ്യക്തികള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജവാസാത്ത് അടക്കമുള്ള ആഭ്യന്തര മന്ത്രാലയ വകുപ്പുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും നല്‍കുന്നു. അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഇതിനകം 2.8 കോടിയിലേറെ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഇഷ്യു ചെയ്തതിട്ടുണ്ട്.