ജിദ്ദ ∙ പ്രശസ്ത സൗദി കവി സൗദ് ബിൻ മഅ്ദി അൽഖഹ്താനി ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പർവതാരോഹണത്തിനിടെ കാൽതെറ്റി കൊക്കയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചു. ദോഫാറിലെ മിർബത്ത് വിലായത്തിലെ ജബൽ സംഹാൻ പർവതത്തിൽ ഖരീഫ് (മൺസൂൺ) സീസണിൽ ഉണ്ടായ അപകടമാണ് മരണകാരണമായത്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം സൗദി അറേബ്യയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കാൻ മസ്കത്തിലെ സൗദി എംബസി ഒമാൻ അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുന്നതായി അറിയിച്ചു.
അൽബാഹ പ്രവിശ്യയിലെ അൽഖഹ്ത പ്രദേശവാസിയായ സൗദ് അൽഖഹ്താനി, പൈതൃകത്തിന്റെ സുഗന്ധവും ആധുനികതയുടെ ചൈതന്യവും സമന്വയിപ്പിച്ച കാവ്യശൈലിക്ക് ഗൾഫ്, അറബ് സാഹിത്യലോകത്ത് പ്രശസ്തനാണ്. 15-ലേറെ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം, രാജ്യത്തിനകത്തും പുറത്തും നിരവധി കവിതാസന്ധ്യകളിലും ഉത്സവങ്ങളിലും പങ്കെടുത്തു. അതുല്യമായ കാവ്യശബ്ദവും ശക്തമായ സാന്നിധ്യവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.