ജിദ്ദ – വടക്കുപടിഞ്ഞാറന്‍ റഫയില്‍ യു.എന്‍ റിലീഫ് ഏജന്‍സി സംഭരണ കേന്ദ്രങ്ങള്‍ക്കു സമീപം ഫലസ്തീന്‍ അഭയാര്‍ഥികളുടെ തമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങള്‍ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ചു. ഇസ്രായില്‍ സൈന്യം കൂട്ടക്കുരുതി തുടരുന്നതിനെയും നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരുന്നതിനെയും സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. മുഴുവന്‍ അന്താരാഷ്ട്ര പ്രമേയങ്ങളും നിയമങ്ങളും മാനുഷിക നിയമങ്ങളും ഇസ്രായില്‍ സൈന്യം നിരന്തരം ലംഘിക്കുന്നതിനെ സൗദി അറേബ്യ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ഇസ്രായില്‍ സൈന്യം നടത്തുന്ന കൂട്ടക്കുരുതികള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം സത്വരം ഇടപെടണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഈജിപ്തും ജോര്‍ദാനും ഖത്തറും അടക്കമുള്ള അറബ് രാജ്യങ്ങളും അഭയാര്‍ഥി തമ്പുകള്‍ക്കു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായി അപലപിച്ചു. അഭയാര്‍ഥി ക്യാമ്പിനു നേരെ ഞായറാഴ്ച രാത്രി ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group