ജിദ്ദ: വിശ്വ സിനിമകളുടെ വിസ്മയ സംഗമത്തിന് ഇനി നാല് നാൾ മാത്രം. ഡിസംബർ നാലിന് ഇവിടെ ബിഗ് സ്ക്രീനുകളിൽ ആഗോള ചലച്ചിത്രങ്ങളുടെ നിഴലും വെളിച്ചവും തെളിയുകയായി. റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷനെ വരവേൽക്കാൻ സാംസ്‌കാരിക മുദ്രകളുടെ പൈതൃകം പേറുന്ന ജിദ്ദ ബലദ് അണിഞ്ഞൊരുങ്ങി. അറബ് – അമേരിക്കൻ – ആഫ്രിക്കൻ, യൂറോപ്യൻ, ഏഷ്യൻ സിനിമകളിലെ ക്ലാസിക്കുകൾ പൈതൃക നഗരമായ ജിദ്ദ ബലദിൽ സജ്ജീകരിച്ച തിയേറ്ററുകളിലും ബാഗ്ദാദിയ കൾച്ചറൽ സ്ക്വയറിലുമായി പ്രദർശിപ്പിക്കും. വേൾഡ് പ്രീമിയറുകൾ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 110 സിനിമകളാണ് പ്രദർശിപ്പിക്കുക.
ഇന്ത്യയിൽ നിന്ന് മുസഫർ അലി സംവിധാനം ചെയ്ത ‘ഉമ്രാഒ ജാൻ’ എന്ന ചിത്രവും ഒപ്പം ഏർളി ഡേയ്സ് എന്ന സിനിമയും സ്ക്രീൻ ചെയ്യും. പഴയ തലമുറയിലെ പ്രസിദ്ധ നടി രേഖയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ച പടമാണ് ഉമ്രാഒ ജാൻ. പ്രസിദ്ധ ഉർദു കവിയും എഴുത്തുകാരനുമായ മിർസാ ഹാദി റുസ്പയുടെ കഥയെ അടിസ്ഥാനമാക്കി 1981 ൽ നിർമിച്ച ഈ ചിത്രം 2006 ൽ വീണ്ടും പുതിയ മാറ്റങ്ങളോടെ അമിതാഭിനെ വെച്ച് പുനരാവിഷ്കരിച്ചിരന്നു. മുസഫർ അലി, രേഖ എന്നിവരുമായി ആശയ വിനിമയം നടത്താനും ആസ്വാദകർക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ഡിസംബർ ഏഴിന് രാത്രി 9 ന് ഉമ്രാഒ ജാൻ പ്രദർശനത്തിന് പിറകെ മുസഫർ അലിയും രേഖയും സദസ്സിനോട് സംവദിക്കും. ( ക്യാപ്റ്റൻ ലക്ഷ്മിയുടെ മകൾ സുഭാഷിണി അലിയുടെ ഭർത്താവായിരുന്നു മുസഫർ അലി എന്നൊരു മലയാളി ബന്ധം ഈ സംവിധായാകനുണ്ട്. പക്ഷെ ഇവർ തമ്മിൽ പിന്നീട് വേർപിരിഞ്ഞു). 10, 11 തിയ്യതികളിൽ ഏർലി ഡേയ്സ് പ്രദർശിപ്പിക്കും.
ബോളിവുഡിൽ നിന്ന് പ്രശസ്ത നടീനടന്മാർ വേറെയും ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. ഉദ്‌ഘാടനം റെഡ് കാർപെറ്റ് ഏരിയയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും. സിനിമകൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്. മികച്ച സിനിമയ്ക്ക് ‘യുസ്‌ർ’ അവാർഡ് നൽകും. ലവ് ഓഫ് സിനിമ എന്ന പേരിൽ കഴിഞ്ഞ നാല് വർഷത്തെ റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ വിജയകരമായ യാത്രയുടെ സിനിമാവിഷ്കാരവും ഉണ്ടാകും.



