ബുറൈദ – മധ്യസൗദിയിലെ അല്‍ഖസീം പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമായ ബുറൈദയില്‍ രണ്ടു വര്‍ഷത്തിനിടെ പാര്‍പ്പിട വാടക 61 ശതമാനം തോതില്‍ ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനിടെ ബുറൈദയില്‍ പാര്‍പ്പിട വാടക 51 ശതമാനം തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2022 ല്‍ ബുറൈദയില്‍ പാര്‍പ്പിട വാടകയില്‍ സ്ഥിരതയുണ്ടായിരുന്നു. 2021 ല്‍ പാര്‍പ്പിട വാടക 3.7 ശതമാനം തോതില്‍ കുറയുകയും ചെയ്തു.
ഡൗണ്‍ ടൗണ്‍ അടക്കമുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നത് ബുറൈദയില്‍ പാര്‍പ്പിട ആവശ്യം ഉയര്‍ത്തിയതായും ഇതാണ് വാടക ഉയരാന്‍ ഇടയാക്കിയതെന്നും റിയല്‍ എസ്റ്റേറ്റ് മേഖലാ വിദഗ്ധര്‍ പറയുന്നു. നഗരത്തിലെ ചില ഡിസ്ട്രിക്ടുകളില്‍ ഭൂമി വില ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ ചെലവുകള്‍ ഉയര്‍ത്തി.
ഉയന്ന ചെലവുകള്‍ വാടക ഉയര്‍ത്തി ഈടാക്കാനാണ് ഡെവലപ്പര്‍മാര്‍ ശ്രമിക്കുന്നത്. പലിശനിരക്ക് ഉയര്‍ന്നത് വീട് നിര്‍മാണവും വീടുകള്‍ വാങ്ങുന്നതും നിര്‍ത്തിവെക്കാന്‍ പലരെയും പ്രേരിപ്പിച്ചു. ഇത് വിപണിയില്‍ പാര്‍പ്പിടങ്ങളുടെ ലഭ്യത കുറച്ചു. ഇതും വാടക ഉയരാന്‍ ഇടയാക്കിയ ഘടകമാണെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലാ വിദഗ്ധര്‍ പറയുന്നു.
ബുറൈദയില്‍ 2014 ല്‍ 5.5 ശതമാനവും 2015 ല്‍ 2.3 ശതമാനവും 2016 ല്‍ 3 ശതമാനവും തോതില്‍ പാര്‍പ്പിട വാടക ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ വാടക കുറഞ്ഞു. 2017 ല്‍ ഒരു ശതമാനവും 2018 ല്‍ 3.8 ശതമാനവും 2019 ല്‍ 10.2 ശതമാനവും തോതിലാണ് വാടക കുറഞ്ഞത്. 2020 ല്‍ വാടക 16.3 ശതമാനം തോതില്‍ ഉയര്‍ന്നു. എന്നാല്‍ 2021 ല്‍ വാടക 3.7 ശതമാനം തോതില്‍ കുറയുകയായിരുന്നു.