ജിദ്ദ- വയനാട് ദുരന്തത്തിന്റെ തീവ്രത ഇനിയും കേന്ദ്ര കേരള സർക്കാറുകൾ മനസിലാക്കിയിട്ടില്ലെന്നും നിയമകുരുക്കുകളഴിച്ച്, വഴിയാധാരമായ കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജിദ്ദ, ഷറഫിയ്യ റയാൻ ഏരിയ കെ.എം.സി.സി കൗൺസിൽ ആവശ്യപ്പെട്ടു. ദുരിതബാധിതരെ സഹായിക്കാൻ മുന്നോട്ടുവന്ന സംഘടനകളും വ്യക്തികളും എത്രയും വേഗം ക്ഷേമപ്രവർത്തനങ്ങൾ ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൗൺസിൽ മീറ്റ് ജിദ്ദ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, അഷ്റഫ് താഴെക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി.എ.റഹ്മാൻ (ഇണ്ണി ) അദ്ധ്യക്ഷത വഹിച്ചു.
വയനാട് പുനരധിവാസ ഫണ്ടിലേക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം റയാൻ ഏരിയ കെ എം സി സി സ്വരൂപിച്ച വിഹിതം ഏരിയ ജനറൽ സെക്രട്ടറി, മജീദ് അഞ്ചച്ചവിടി, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി മുഖ്യപ്രഭാഷണം നടത്തി. മണ്ണാർക്കാട് മണ്ഡലം, കെ എം സി സി ട്രഷറർ,റഷീദ് കൊമ്പൻ, ഏരിയ ഭാരവാഹികളായ, സലീം പാറപ്പുറത്ത്, കെ.ടി. ഉമ്മർ ചുങ്കത്തറ, ഹാരിസ് ബാബു മമ്പാട്, റഷീദ് അരിപ്ര, മമ്മദ് കാടപ്പടി, സമീർ പൂളക്കൽ എന്നിവർ കൗൺസിൽ നിയന്ത്രിച്ചു, സെക്രട്ടറി സാബിർ പാണക്കാട് സ്വാഗതവും, ട്രഷറർ ജംഷീദ് ബാബു നന്ദിയും പറഞ്ഞു.