റിയാദ്: റിയാദ് മെട്രോ പാതയിലെ ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന പ്രധാന സ്റ്റേഷനായ ഖസ്ർ അൽഹുകും സ്റ്റേഷൻ ബുധനാഴ്ച യാത്രക്കാർക്കായി തുറന്നു നൽകും. രാവിലെ ആറു മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. റിയാദ് മെട്രോയിലെ നാലു പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ് ഏഴു നിലകളിലായി ഒരുക്കിയിരിക്കുന്ന ഈ ഭൂഗർഭ സ്റ്റേഷൻ. റിയാദ് ബസ് ശൃംഖലയുമായും സ്‌റ്റേഷന്‍ ബന്ധിപ്പിച്ചിരിക്കുന്നു. റിയാദിന്റെ മധ്യഭാഗമായ ഖസ്ര്‍ അല്‍ഹുകും പ്രദേശത്തെ ഭരണ സ്ഥാപനങ്ങള്‍, കൊട്ടാരങ്ങള്‍, ചത്വരങ്ങള്‍, പുരാതന സൂഖുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവക്ക് പുതിയ സ്റ്റേഷന്‍ പ്രയോജനം ചെയ്യും.
സല്‍മാനി വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്ത ഖസര്‍ അല്‍ഹുകും സ്റ്റേഷനിൽ വേറിട്ട കാഴ്ചകളുമുണ്ട്. ഈ ഭൂഗർഭ സ്റ്റേഷനിലേക്ക് സൂര്യപ്രകാശം എത്തിക്കുന്നതിന് സ്ഥാപിച്ച സ്റ്റീല്‍ കര്‍ട്ടന്‍ ഇതിലൊന്നാണ്. യാത്രക്കാർക്ക് കാത്തിരിപ്പിനും വിശ്രമത്തിനുമായി സജ്ജീകരിച്ച നിലയിൽ ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്. നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സമയം ചെലവിടാനുള്ള പൊതുഇടം കൂടിയാണിത്.
2,25,00,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഭൂമിക്കടിയില്‍ 35 മീറ്റര്‍ വരെ താഴ്ചയില്‍ ഏഴു നിലകളോടെ നിര്‍മിച്ച സ്റ്റേഷന് 88,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ട്. യാത്രക്കാരുടെ ഉപയോഗത്തിന് 17 ഇലക്ട്രിക് എലിവേറ്ററുകള്‍, 46 എസ്‌കലേറ്ററുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിവിധ സേവനങ്ങള്‍, പൊതു സൗകര്യങ്ങള്‍, പെയിന്റിംഗുകള്‍, ശില്‍പങ്ങള്‍ എന്നിവയും സ്റ്റേഷനിലുണ്ട്.