മക്ക – രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ ബിനാമിയായി ലേഡീസ് സലൂണ്‍ നടത്തിയ ഈജിപ്തുകാരിയെയും ഇവര്‍ക്ക് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി വനിതയെയും മക്ക ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തുകാരി മുന അബ്ദുശ്ശാഫി അലി ജാബീന്‍, സൗദി വനിത ആഫിയ അഹ്മദ് മിസ്അദ് ഹസന് എന്നിവര്‍ക്കാണ് ശിക്ഷ. ഇരുവര്‍ക്കും കോടതി പിഴ ചുമത്തി. സ്ഥാപനം അടപ്പിക്കാനും ലൈസന്‍സും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.
ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സൗദി വനിതക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളില്‍ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഈജിപ്തുകാരിയെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. സൗദി വനിതയുടെയും ഈജിപ്തുകാരിയുടെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും രണ്ടു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ബിനാമിയായി സ്വന്തം നിലക്ക് ലേഡീസ് സലൂണ്‍ നടത്തുന്നതിന് കൂട്ടുനില്‍ക്കുന്നതിന് ഈജിപ്തുകാരി സൗദി വനിതക്ക് മാസത്തില്‍ 500 റിയാല്‍ വീതമാണ് നല്‍കിയിരുന്നത്. വാണിജ്യ മന്ത്രാലയം ലേഡീസ് സലൂണില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനം ഈജിപ്തുകാരി സ്വന്തം നിലക്ക് നടത്തുന്നത് സ്ഥിരീകരിക്കുന്ന തെളിവുകളും ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷന് നിരക്കാത്ത നിലക്ക് ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ ഈജിപ്തുകാരി നടത്തിയിരുന്നതായും കണ്ടെത്തുകയായിരുന്നു.