ജിദ്ദ: ന്യൂനപക്ഷ സമൂഹങ്ങളെ അവരുടെ ഭാഷപരമായും മതപരമായുമൊക്കെയുള്ള സ്വത്വം നിലനിർത്തിക്കൊണ്ട് സംരക്ഷിക്കുന്നതാണ് പരിഷകൃത സമൂഹത്തിന്റെ ലക്ഷണമെന്ന് കെ എൻ എം സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. രണ്ടു ദിവസം മക്കയിൽ നടന്ന അന്താരാഷ്ട്ര പണ്ഡിതസമ്മേളനത്തിൽ പങ്കെടുക്കാൻ സൗദിയിലെത്തിയ അദ്ദേഹം ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്റർ സന്ദർശിക്കുകയും അവിടെ എല്ലാ ദിവസവും ഇഫ്താറിനോടാനുബന്ധിച്ച് നടന്നു വരുന്ന ഉൽബോധന പ്രസംഗത്തിൽ സംസാരിക്കുകയുമായായിരുന്നു.
നമ്മുടെ രാജ്യത്തെ ഭരണഘടനയും ന്യൂനപക്ഷങ്ങൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നതിനെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്നത് നിരന്തരം കവർന്നെടുക്കുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ആയിരിക്കണം ഇത്തരം നീക്കങ്ങളെ ചെറുക്കേണ്ടത്. വൈകാരികമായി അതിനെ സമീപിക്കാൻ പാടില്ലെന്നും ലോകത്തുള്ള സകല അക്രമികളും എക്കാലത്തും നിലനിന്നിട്ടില്ലെന്നും ചരിത്രം പരിശോദിച്ചാൽ കാണാവുന്നതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മക്കയിൽ സൗദി ഭരണകൂടത്തിന്റെ പിന്തുണയോടെ ഗ്രാൻഡ് മുഫ്തി അബ്ദുൽ അസീസ് ആലു ഷൈഖിന്റെ നേതൃത്വത്തിൽ നടന്ന പണ്ഡിത സമ്മേളനം പ്രധാനമായും ഊന്നൽ നൽകിയത് വ്യത്യസ്ത വീക്ഷണങ്ങൾ നിലനിർത്തുമ്പോഴും മുസ്ലിങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് പരസ്പര വിദ്വേഷം ഒഴിവാക്കി മുന്നോട്ട് പോകുന്നതിലായിരുന്നു. ഇതു തന്നെയാണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം എക്കാലത്തും ചെയ്തിട്ടുള്ളതും. പുളിക്കൽ വെച്ച് നടന്ന ഒന്നാമത്തെ സംസ്ഥാന സമ്മേളനം മുതൽ എല്ലാ സമ്മേളനങ്ങളിലും നമ്മൾ ഇത്തരം പ്രമേയങ്ങൾ പാസ്സാക്കാറുണ്ടെന്നും ആശയ ആദർശങ്ങളിൽ കണിശത പാലിക്കുമ്പോഴും മുസ്‌ലിം സംഘടനകളുടെ പൊതു കോർഡിനേഷൻ കമ്മിറ്റികളിലൊക്കെ നമ്മൾ സജീവമായി ഉണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റമളാനിലെ നമ്മുടെ ഒരുക്കങ്ങൾ അതിന്റെ ആത്മാവുമായി ഒത്തുപോകുന്നതാണോ എന്ന് നമ്മൾ പരിശോധിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി. പലപ്പോഴും നമ്മുടെ നാട്ടിലെ മീഡിയക്കാരൊക്കെ പണ്ഡിതന്മാരെ വിളിച്ചു അഭിമുഖം ചോദിക്കാറുള്ളത് റമദാനിലെ ഭക്ഷണ വിഭവങ്ങളെക്കുറിച്ച് സംസാരിക്കാനാണ്. എന്നാൽ ഭയഭക്തി ഉണ്ടാകാനാണ് നമ്മോട് നോമ്പെടുക്കാൻ ഖുർആൻ കല്പിച്ചതെന്നും അതിൽ ശ്രദ്ദിച്ചുകൊണ്ട് പ്രാർത്ഥനകൾ അധികരിപ്പിക്കുകയാണ് വിശ്വാസീ സമൂഹം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്ത് പീഡനമനുഭവിക്കുന്ന ഫലസ്തീനിലടക്കമുള്ള എല്ലാവരും നമ്മോട് പ്രധാനമായും ആവശ്യപ്പെടുന്നത് പ്രാർത്ഥനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ഡിതനും കെ എൻ എം മുൻ സെക്രട്ടറിയുമായ എം അബ്ദുറഹ്മാൻ സലഫി ചടങ്ങിൽ സന്നിഹിതനായിരുന്നു.അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശിഹാബ് സലഫി സ്വാഗതം ആശംസിക്കുകയും നൂരിഷ വള്ളിക്കുന്ന് നന്ദിയറിയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group