ജിദ്ദ: പ്രവാചകൻ മദീനയിൽ നിർമ്മിച്ച പള്ളി കേവലമൊരു ആരാധനാലയം മാത്രമായിരുന്നില്ലെന്നും അത് ലോകത്തിന് വെളിച്ചം പകർന്ന ഒരു സർവ്വകലാശാല തന്നെയായിരുന്നുവെന്നും മുസ്തഫാ തൻവീർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘അൽമസ്ജിദുന്നബവി – മനുഷ്യത്വത്തിന്റെ മഹാപാഠശാല’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ എങ്ങനെ മനുഷ്യനാകണമെന്ന് ലോകത്തെ പഠിപ്പിച്ച പള്ളിയാണത്. പ്രവാചകന്റെ മദീന ജീവിതത്തിന്റെ കേന്ദ്രബിന്ദു അവിടെയായിരുന്നു.
മനുഷ്യർ തമ്മിലുള്ള തർക്കങ്ങൾക്ക് മധ്യസ്ഥം വഹിക്കൽ, പുറം നാടുകളിൽ നിന്ന് വരുന്ന ദൗത്യസംഘങ്ങളുമായുള്ള കൂടിക്കാഴ്ചകൾ, നാടിനെ സംരക്ഷിക്കുന്ന സൈന്യത്തെയൊരുക്കൽ തുടങ്ങിയവയും അതോടൊപ്പം നമ്മളിന്ന് അനുഷ്ഠിക്കുന്ന ഓരോ പുണ്യകർമ്മങ്ങളും ആ പള്ളിയിൽ നിന്ന് പഠിപ്പിക്കപ്പെട്ടതാണ്. മക്കയിൽ നിന്ന് പീഡനങ്ങൾ സഹിക്കവയ്യാതെ പ്രവാചകനും അനുചരന്മാരും മദീനയിലെത്തുമ്പോൾ അവിടെ വ്യാപകമായ പകർച്ചവ്യാധികളും പ്രതികൂല കാലാവസ്ഥയുമായിരുന്നു അവരെ എതിരേറ്റത്. ഈ പ്രതികൂല സാഹചര്യത്തിലും സ്വന്തമായി വീടുകളുണ്ടാക്കുകയോ, കച്ചവടം ചെയ്തോ മറ്റോ സ്വസ്ഥമായി ജീവിതമാർഗം കണ്ടെത്തുകയോ ചെയ്യുന്നതിന് മുൻപ് തന്നെ ഒരു പള്ളി നിർമ്മിക്കുകയായിരുന്നു അവർ ചെയ്തത് എന്നതിൽ നിന്ന് ഇസ്ലാമിൽ പള്ളികളുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാൻ കഴിയും.
സ്വന്തമായി വീടുകളില്ലാത്ത ഒരുപാടാളുകൾ അന്നുണ്ടായിരുന്നതിനാൽ പ്രവാചകൻ പള്ളിക്ക് മേൽക്കൂര നിർമ്മിക്കുന്നതിന് മുൻപ് തന്നെ അതിന്റെ പിൻവശത്ത് ഒരു ചെറിയ ഷെഡ് പണിയുകയും ‘സുഫ്ഫ’ എന്നറിയപ്പെട്ട അവിടെ വീടില്ലാത്തവർ താമസമാരംഭിക്കുകയും ചെയ്തിരുന്നു. പ്രവാചകന് സമ്മാനമായി ലഭിക്കുന്ന ഭക്ഷണസാധനങ്ങളെല്ലാം അവിടുത്തെ അന്തേവാസികൾക്കിടയിൽ വിതരണം ചെയ്യപ്പെട്ടു. പ്രവാചകനിൽ നിന്ന് കേൾക്കുന്ന ഓരോ വാക്കുകളും ജീവിതത്തിൽ പകർത്താനും പ്രചരിപ്പിക്കാനും ജനങ്ങൾ ജാഗ്രത കാണിച്ചിരുന്നു. പിന്നീട് പ്രവാചകാധ്യാപനങ്ങൾ കൂടുതൽ ലഭിക്കുന്നതിന് വേണ്ടി സ്വന്തമായി വീടുള്ള പലരും ആ പള്ളിയിൽ വന്ന് താമസിക്കുന്ന സ്ഥിതി വരെയുണ്ടായി. സമ്പത്തിന്റെ പളപളപ്പില്ലാഞ്ഞിട്ടും ആ പള്ളി പടർന്നു പന്തലിച്ചു.
അന്ന് ഇബ്രാഹിം പ്രവാചകൻ നിർമ്മിച്ച മക്കയിലെ പള്ളി ബഹുദൈവാരാധകരുടെ കയ്യിലായിരുന്നതിനാലും സുലൈമാൻ പ്രവാചകൻ പണിത ഫലസ്തീനിലെ പള്ളി തകർക്കപ്പെട്ട അവസ്ഥയിൽ ആയിരുന്നതിനാലും നമസ്കാരമടക്കമുള്ള ആരാധനാകർമ്മങ്ങൾ നടക്കുന്ന ലോകത്തെ ഏക പള്ളി മദീനയിലെ മസ്ജിദുന്നബവി ആയിരുന്നു എന്നുകൂടി നമ്മൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഷാഫി ആലപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശിഹാബ് സലഫി സ്വാഗതം ആശംസിക്കുകയും ഇസ്സുദ്ധീൻ സ്വലാഹി നന്ദിയറിയിക്കുകയും ചെയ്തു.