റിയാദ് – റിയാദില്‍ ഇന്നലെ ആരംഭിച്ച ചതുര്‍ദിന ബിബാന്‍ 2025 ഫോറത്തിന്റെ ആദ്യ ദിനത്തില്‍ ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 100 ലേറെ സംരംഭകര്‍ക്ക് പ്രീമിയം ഇഖാമ സെന്റര്‍ പ്രീമിയം ഇഖാമകള്‍ അനുവദിച്ചു. സംരഭക വിഭാഗത്തിലാണ് ഇവര്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിച്ചത്. സൗദിയില്‍ ബിസിനസുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നൂതന സാങ്കേതിക പരിഹാരങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ഉടമകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എന്റര്‍പ്രണര്‍ ഇഖാമ ഉല്‍പ്പന്നം പ്രീമിയം ഇഖാമ സെന്ററിന്റെ പ്രധാന ഓഫറുകളില്‍ ഒന്നാണ്.
സംരംഭകര്‍ക്ക് പ്രീമിയം ഇഖാമ അനുവദിക്കുന്നത് ലോകമെമ്പാടുമുള്ള ഇന്നൊവേറ്റര്‍മാരെ ആകര്‍ഷിക്കാനും മത്സരക്ഷമതയെയും സാമ്പത്തിക സുസ്ഥിരതയെയും പിന്തുണക്കുന്ന അന്തരീക്ഷത്തില്‍ ബിസിനസുകള്‍ വളര്‍ത്താന്‍ അവരെ പ്രാപ്തരാക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതായി പ്രീമിയം ഇഖാമ സെന്റര്‍ പറഞ്ഞു.
അസാധാരണ പ്രതിഭ ഇഖാമ, പ്രതിഭ റെസിഡന്‍സി, ബിസിനസ് ഇന്‍വെസ്റ്റര്‍ ഇഖാമ, സംരംഭക ഇഖാമ, പ്രോപ്പര്‍ട്ടി ഓണര്‍ ഇഖാമ, ഫിക്സഡ്-ടേം ഇഖാമ, കാലയളവ് നിശ്ചയിക്കാത്ത ഇഖാമ എന്നിവയുള്‍പ്പെടെ ഏഴ് ഇഖാമ ഉല്‍പ്പന്നങ്ങള്‍ പ്രീമിയം ഇഖാമ സെന്റര്‍ വാഗ്ദാനം ചെയ്യുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം സൗദിയില്‍ താമസിക്കാനുള്ള അവസരം, ബിസിനസ്സ് നടത്താനുള്ള അവസരം, സ്വത്തിന്റെ ഉടമസ്ഥാവകാശം, ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യല്‍ എന്നിവ അടക്കം നിരവധി ആനുകൂല്യങ്ങള്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് ലഭിക്കും.
അവസരങ്ങള്‍ക്കായുള്ള ആഗോള ലക്ഷ്യസ്ഥാനം എന്ന ശീര്‍ഷകത്തില്‍ റിയാദ് ഫ്രണ്ട് എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് (മുന്‍ശആത്ത്) ആണ് ബിബാന്‍ ഫോറം സംഘടിപ്പിക്കുന്നത്. ബിബാന്‍ 2025 ഫോറം സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമുള്ള പ്രധാന വേദിയാണ്. രാജ്യത്തിനകത്തും അന്തര്‍ദേശീയമായും വളര്‍ച്ചക്കും വികാസത്തിനുമുള്ള അറിവും അവസരങ്ങളും കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന ഫോറം, സംരംഭകരെയും നിക്ഷേപ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഉത്തേജക അന്തരീക്ഷം നല്‍കുന്നു



