ദമ്മാം : ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് പ്രവാസി വെൽഫയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘപരിവാർ, വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
ഇനി ഒരിക്കൽ കൂടി സംഘ്പരിവാർ അധികാരത്തിൽ വന്നാൽ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയില്ല.
ബി ജെ പി വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും ഒന്നിച്ചുള്ള പരിശ്രമത്തിലൂടെ മാത്രമേ ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സാധിക്കു.
പ്രതിപക്ഷ കക്ഷികളുടെ സാധ്യമായ ഏകോപനത്തിൽ കഴിഞ്ഞ വർഷം രൂപപ്പെട്ടു വന്ന ഇന്ത്യ അലയൻസ് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ ഉളവാക്കുന്ന ഒരു ചുവടുവെപ്പാണ്. ഇതിന് കഴിയും വിധമുള്ള വിട്ടുവീഴ്ചകളും അഭിപ്രായ ഐക്യവും വലിയ അളവിൽ ഉണ്ടായി എന്നത് ആഹ്ലാദകരമാണ്.
അതേ സമയം ബിജെപിക്കെതിരായ പൊതു രാഷ്ട്രീയ വേദിയായ ഇന്ത്യ മുന്നണിയിലെ രണ്ട് പ്രധാന പാർട്ടികളുടെ നേതൃത്വത്തിലുള്ള എൽ ഡി എഫ് – യു ഡി എഫ് കക്ഷികൾ മത്സരിക്കുന്നു എന്ന പ്രത്യേകത കേരളത്തിലുണ്ട്.
സംഘപരിവാറിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനാവശ്യമായ പല ഘടകങ്ങളിൽ ഒന്നാണ് പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി ഇന്ത്യ മുന്നണി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുക എന്ന നിലപാട്. ഇതോടൊപ്പം കേരളത്തിലെ പ്രത്യേക സാഹചര്യം മുൻനിർത്തി ഇന്ത്യ മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെ പിന്തുണക്കുവാൻ യോഗം അഭ്യർത്ഥിക്കുന്നു. കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിന് സഹായകരമാകുന്ന വിധത്തിൽ കേരളത്തിലെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണം. ഈ തെരഞ്ഞെടുപ്പ് സമീപനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ മുഴുവൻ പൊതുജനnങ്ങളും തയ്യാറാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.