ദമാം: നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ദേശീയതയുടെ രാഷ്ട്രീയ മാനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രശസ്ത ചരിത്ര ഗ്രന്ഥകർത്താവും, അദ്ധ്യാപകനും പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ് പ്രഭാഷണം നിർവഹിച്ചു. മതനിരപേക്ഷതയും സാമൂഹിക സൌഹാർദ്ദവുമാണ് ഇന്ത്യയുടെ ദേശീയത. ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും, പാർസിയും, സിഖും, ദളിത്-ആദിവാസി സമൂഹവും വിയർപ്പും, ചോരയും നൽകി ത്യാഗം ചെയ്ത് നേടിയതാണ് ഇന്ത്യ എന്ന ആശയം. ഗാന്ധി വിമർശനങ്ങൾക്ക് അതീതനല്ലെങ്കിലും വർഗീയതയെ തുരത്താനും, മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാതിരിക്കാനും ഗാന്ധിയെ പഠിക്കാൻ പുതിയ തലമുറ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
നവോദയ കേന്ദ്രഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഉണ്ണി എങ്ങണ്ടിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവോദയ കേന്ദ്രമീഡിയ കൺവീനർ സലീം പുതിയ വീട്ടിൽ അധ്യക്ഷനായിരുന്നു. പി ഹരീന്ദ്രനാഥിന്റെ അവസാനം ഇറങ്ങിയ ചരിത്രപുസ്തകമായ ‘മഹാത്മാ ഗാന്ധി: കാലവും കര്‍മ്മപര്‍വ്വവും’ എന്ന പുസ്തകത്തിന്റെ പ്രതി നവോദയ കേന്ദ്രസാംസകാരിക കമ്മിറ്റി ചെയർമാൻ മോഹനൻ വെള്ളിനേഴിക്ക് ചടങ്ങിൽ വച്ച് സമ്മാനിച്ചു. പുസ്തകത്തെക്കുറിച്ച് ടി.പി.റഷീദ് സംസാരിച്ചു.
നവോദയ രക്ഷാധികാരി സമിതി അംഗം സൈനുദീൻ കൊടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, നൗഫൽ വെളിയങ്കോട്, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, സജീഷ് ഒ.പി, രശ്മി രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതറായിരുന്നു.
കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം സൂര്യ മനോജ് നന്ദി രേഖപ്പെടുത്തി.