ജിദ്ദ – പ്രഭാത നമസ്‌കാരത്തിനു ശേഷം പള്ളി പുറത്തു നിന്ന് പൂട്ടി മുഅദ്ദിന്‍ സ്ഥലംവിട്ടു. മസ്ജിദിനകത്ത് കുടുങ്ങിയ വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ മൈക്കിലൂടെ നാട്ടുകാരുടെ സഹായം തേടി. സൗദിയിലെ പ്രധാന നഗരത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.
വാതില്‍ പുറത്തു നിന്ന് പൂട്ടി മുഅദ്ദിന്‍ സ്ഥലം വിട്ടതോടെ അകത്തു കുടുങ്ങിയവരില്‍ ഒരാള്‍ പുറത്തിറങ്ങാന്‍ മൈക്കിലൂടെ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. പ്രദേശത്തുള്ള ആരെങ്കിലും വന്ന് മസ്ജിദിന്റെ വാതില്‍ തുറന്ന് തങ്ങളെ പുറത്തിറക്കണമെന്ന് ഇയാള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയായിരുന്നു.
മസ്ജിദിന്റെ താക്കോല്‍ കൈവശമുള്ളവര്‍ എത്തി തങ്ങളെ പുറത്തിറക്കണമെന്നും മുഅദ്ദിന്‍ ഡോര്‍ അടച്ച് പുറത്തുപോവുകയായിരുന്നെന്നും അനൗണ്‍സ് ചെയ്തയാള്‍ പറഞ്ഞു. മസ്ജിദിനകത്ത് കുടുങ്ങിയവരില്‍ പെട്ട ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രഭാത നമസ്‌കാരം പൂര്‍ത്തിയായി ഏറെ കഴിഞ്ഞിട്ടും പള്ളിയില്‍ നിന്ന് പുറത്തിറങ്ങാതെ പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും ദൈവീക കീര്‍ത്തനങ്ങളുമായി കഴിയുന്നവരെ പാഠംപഠിപ്പിക്കാനാണ് മുഅദ്ദിന്‍ ഡോര്‍ പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടതെന്നാണ് കരുതുന്നത്.