ജിദ്ദ – സൗദിയില്‍ റെയില്‍ ഗതാഗത മേഖല അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചെന്നും മൂന്നു മാസത്തിനിടെ ട്രെയിന്‍ യാത്രക്കാര്‍ 3.9 കോടി കവിഞ്ഞെന്നും ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി. ഇന്റര്‍സിറ്റി ട്രെയിന്‍ സര്‍വീസുകള്‍ 27 ലക്ഷത്തിലേറെ യാത്രക്കാരാണ് പ്രയോജനപ്പെടുത്തിയത്. ഇവരിൽ 20.7 ലക്ഷം പേര്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയിലും 2,51,000 പേര്‍ നോര്‍ത്തേണ്‍ റെയില്‍വേ നെറ്റ്വര്‍ക്കിലും 3,78,000 പേര്‍ ഈസ്റ്റേണ്‍ റെയില്‍വേയിലുമാണ് യാത്ര ചെയ്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രെയിൻ സർവീസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടി വരികയാണ്.
നഗരങ്ങൾക്കുള്ളിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ 3.63 കോടിയിലേറെ ജനങ്ങളാണ് യാത്ര ചെയ്തത്. ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്നത് റിയാദ് മെട്രോയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2.52 കോടിയിലധികം യാത്രക്കാരാണ് റിയാദ് മെട്രോ ഉപയോഗിച്ചത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമാമേറ്റഡ് ട്രെയിൻ സർവീസ് 1.02 കോടിയിലധികം യാത്രക്കാർ ഉപയോഗിച്ചപ്പോൾ റിയാദ് പ്രിൻസസ് സർവകലാശാലയിലെ ട്രെയിൻ സർവീസ് ഉപയോഗിച്ചത് 9,67,000 ലേറെ പേരാണ്. ഇതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ട്രെയിൻ സർവീസ് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം പത്ത് കോടി കവിഞ്ഞു.
ഗതാഗത മാർഗത്തിൽ എന്നപോലെ ലോജിസ്റ്റിക്സ് ലക്ഷ്യങ്ങൾക്കും ട്രെയിൻ സർവീസ് സഹായിക്കുന്നുണ്ട്. രാജ്യത്തിന്റെ ഗതാഗത മേഖലയിലെ സമഗ്രമായ വളർച്ചക്ക് ട്രെയിൻ സർവീസ് ഉപകാരപ്പെടുന്നുണ്ടെന്ന് ഗതാഗത ലോജിസ്റ്റിക് സർവീസ് മന്ത്രി സ്വാലിഹ് അൽ ജസീർ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് റിയാദ് മെട്രോ സർവീസെന്നും മന്ത്രി അഭിപ്രായപ്പെട്ടു.