ജിദ്ദ – വീടുകള്‍ക്കു മുന്നില്‍ വഴി തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്താൽ ഒരു ലക്ഷം റിയാൽ പിഴയും രണ്ടു വർഷം തടവും ലഭിക്കുമെന്ന തരത്തിൽ ചാനൽ പരിപാടിയിൽ പരാമർശം നടത്തിയ അഭിഭാഷകനെതിരെ നീതിന്യായ മന്ത്രാലയത്തിന്റെ നിയമനടപടി. അഭിഭാഷകനെതിരെ മന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചു. അഭിഭാഷകന്‍ പറഞ്ഞ കാര്യത്തിന് നിയമപരമായ അടിസ്ഥാനമില്ല. പബ്ലിക് യൂട്ടിലിറ്റി സംരക്ഷണ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ അഞ്ചിന് അഭിഭാഷകന്‍ സൂചിപ്പിച്ച കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു.

വീടുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുന്നവര്‍ക്ക് പബ്ലിക് യൂട്ടിലിറ്റീസ് നിയമം ലംഘിച്ചതിന് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് അല്‍ഇഖ്ബാരിയ ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ അഭിഭാഷകനും നിയമ ഉപദേഷ്ടാവുമായ അലി അല്‍സഹ്റാനിയാണ് പറഞ്ഞത്. ബാരിക്കേഡോ ബാനറോ സ്ഥാപിച്ച് സ്വന്തം ഉടമസ്ഥയിലുള്ള സ്ഥലത്താണ് കാര്‍ പാര്‍ക്കിംഗ് തടയുന്നതെങ്കിൽ അത് നിയമ ലംഘനമല്ലെന്നും എന്നാല്‍ മറ്റൊരു വ്യക്തിയുടെയോ സര്‍ക്കാറിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കാര്‍ പാര്‍ക്കിംഗ് തടയുന്നത് എങ്കിൽ അത് പബ്ലിക് യൂട്ടിലിറ്റി നിയമത്തിന്റെ ലംഘനമാണെന്നും ഇതിന് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നുമായിരുന്നു ടി.വി പരിപാടിയില്‍ അലി അല്‍സഹ്റാനി പറഞ്ഞത്.
ബാര്‍ അസോസിയേഷന്‍ നിയമം, എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍, പ്രൊഫഷണല്‍ പെരുമാറ്റ നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് റഫര്‍ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. അഭിഭാഷകവൃത്തി നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് മന്ത്രാലയം എല്ലാ അഭിഭാഷകരോടും ആഹ്വാനം ചെയ്തു. ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന രീതികളും പെരുമാറ്റങ്ങളും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.