ഹജ് കര്‍മങ്ങളുമായി അടുത്ത ബന്ധമുള്ള ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് മിനാ താഴ്വര. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം കാരണം മിനാക്ക് ലോക മുസ്ലിംകളുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനമാണുള്ളത്. പ്രവാചക ശ്രേഷ്ഠന് ഇബ്രാഹിം നബിയുടെ കാലം മുതല്‍ ഇന്നുവരെയുള്ള കാലങ്ങളുടെ തുടര്‍ച്ചക്കും കര്‍മങ്ങളുടെ വികാസത്തിനും ജീവിക്കുന്ന സാക്ഷിയാണ് മിനാ താഴ്വര.
ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ലോകൈകനാഥന്റെ വിളിക്കുത്തരം നല്കി പ്രാര്‍ഥനാ മന്ത്രങ്ങളുമായി ആത്മീയോല്ക്കര്ഷത്തില് തീര്‍ഥാടക ലക്ഷങ്ങള്‍ തര്‍വിയ ദിനമായ ഇന്ന് മിനാ താഴ്വരയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ജീവിതാഭിലാഷം സഫലമായതിന്റെ നിര്‍വൃതിയില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ പതിനാറു ലക്ഷത്തിലേറെ വരുന്ന ഹാജിമാരും സൗദി അറേബ്യക്കകത്തു നിന്നുള്ള തീര്‍ഥാടകരും ശുഭ്രവസ്ത്രം ധരിച്ച് ഇന്ന് പുലര്‍ച്ചെ മുതല്‍ കൂട്ടംകൂട്ടുമായി മിനായിലെത്താന് തുടങ്ങി.