ഉത്തര ജിദ്ദയിലെ അല്‍സലാമ ഡിസ്ട്രിക്ടില്‍ വാണിജ്യ കെട്ടിടത്തില്‍ അഗ്നിബാധ. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ബിനാമി ബിസിനസ് കേസില്‍ കുറ്റക്കാരായ സൗദി പൗരനും ഈജിപ്തുകാരനും ദമാം ക്രിമിനല്‍ കോടതി രണ്ടു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമം അനുശാസിക്കുന്നതു പ്രകാരം വിദേശ നിക്ഷേപ ലൈസന്‍സ് നേടാതെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സ്വന്തം നിലക്ക് ശുദ്ധീകരിച്ച സമുദ്രജലം ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന സ്ഥാപനം നടത്തിയ ഈജിപ്തുകാരന്‍ ഹംദി സഈദ് അബ്ദുല്‍കരീം സഅദ്, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ ഹുസൈന്‍ അബ്ദുറബ്ബ് റിദ ബാഖിര്‍ അല്‍ശഖ്‌സ് എന്നിവര്‍ക്കാണ് ശിക്ഷ. ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു.